കൊച്ചി: ബലാത്സംഗ കേസിൽ ഹാജരാക്കുമെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു അറിയിച്ചു. മെയ് 19 ന് ഹാജരാകുമെന്നാണ് വിജയ് ബാബു കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറെ അറിയിച്ചിരിക്കുന്നത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനാണ് മറുപടി. മെയ് 18 ന് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി നിലവിൽ യാത്രയിലാണെന്നും ഹാജരാകാൻ സാവകാശം വേണമെന്നും വിജയ് ബാബു അറിയിച്ചിട്ടുണ്ട്.
ഈ മെയിൽ വഴിയാണ് വിജയ് ബാബു പോലീസ് നോട്ടീസിന് മറുപടി നൽകിയത്. എന്നാൽ വിജയ് ബാബുവിന് സാവകാശം നൽകാൻ ആകില്ലെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ നിലപാട്. ഉടൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് മറുപടി നൽകും. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു മുമ്പ് പറഞ്ഞിരുന്നു
ഏപ്രിൽ 29 ന് നടൻ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അവധിക്ക് ശേഷം ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. മെയ് 18 നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരത്തിന് വേണ്ടി താനുമായി ബന്ധം തുടർന്ന നടി ഇപ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഇവർ തനിക്കയച്ച ആയിരക്കണക്കിന് വാട്ട്സ് അപ്പ് സന്ദേശങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും വിജയ് ബാബു ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. നിലവിൽ പീഡന പരാതിക്ക് പുറമെ ഫേസ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയ കേസും വിജയ് ബാബുവിനെതിരെയുണ്ട്. വിജയ് ബാബുവിൻറെ ഫ്ലാറ്റിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു.
മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നതടക്കമുള്ള ഭീഷണിയും തനിക്കുണ്ടായെന്നും നടി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി. ഇതുവരെ പോലീസിന് ലഭിച്ച മൊഴികളെല്ലാം വിജയ് ബബുവിനെതിരെയുള്ള പരാതി സാധൂകരിക്കുന്നതാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...