കൊച്ചി : ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വുമൺ ഇൻ സിനിമ കളക്റ്റീവ്. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് ഫേസ്‌ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. ഈ സംഭവത്തിൽ അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിക്കുന്നുണ്ട്. ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു.
തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. കോട്ടയം സ്വദേശി ശരത്താണ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. പരാതി നൽകാൻ തയാറാകുന്ന സ്ത്രീകളോടുള്ള വെല്ലുവിളിയാണ് വിജയ് ബാബു നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ വിജയ് ബാബു നിലവിൽ ഒളിവിൽ കഴിയുകയാണെന്ന് ഡിസിപി എറണാകുളം ഡിസിപി വി യു കുര്യക്കോസ് പറഞ്ഞിരുന്നു.
സ്ത്രീകൾ മുന്നോട്ടു വരാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതാണ് വിജയ് ബാബുവിന്റെ നടപടിയെന്നും ശരത് നൽകിയ പരാതിയിൽ ചൂണ്ടി കാണിക്കുന്നുണ്ട്. പരാതിയിൽ അടിയന്തര നടപടിക്കായി മോണിറ്ററിംഗ് സെല്ലിന് ഡിജിപി കൈമാറി. മലയാള സിനിമ രംഗത്തെ തന്നെ പ്രവർത്തിക്കുന്ന നടിയെ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിൽ പറയുന്നത്.
കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് വിജയ് ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഡിസിപി അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. എന്നാൽ വിജയ് ബാബു ഇപ്പോൾ വിദേശത്താണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ.തന്നെ ശാരീരികമായു മാനസികമായും വിജയ് ബാബു പീഡിപ്പിക്കുകയായിരുന്നെന്നും ലഹരി നൽകി മയക്കിയ ശേഷം തന്നെ പീഡിപ്പിച്ചെന്നും പോസ്റ്റിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...