കവറിലെ മൃതദേഹവും: തെളിയാത്ത ദുരൂഹതകളും

അതൊരു കുഞ്ഞിൻറെ ജഡമായിരുന്നു. സീൻ ഗാർഡ് ചെയ്ത് പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചു. പാഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ  ബിഗ് ഷോപ്പറിനുള്ളിൽ ആ കുഞ്ഞ് കാലുകൾ കണ്ടു. അതൊരു തുടക്കമായിരുന്നു.

Written by - M.Arun | Last Updated : Aug 12, 2022, 05:31 PM IST
  • 2019 ജനുവരിയിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്ത് കുളിത്തലൈയിൽ നിന്നാണ് പ്രതികൾ കുട്ടിയെ കൊണ്ട് വന്നതെന്നായിരുന്നു പോലീസിന് നൽകിയ മൊഴി
  • പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി
  • ഫെബ്രുവരിയിൽ തമിഴ്നാട് സ്വദേശികളായ അഞ്ച് പേർ തിരുപ്പൂരിൽ നിന്നും ആലുവയിൽ നിന്നുമായി
    പോലീസിൻറെ പിടിയിലായി
കവറിലെ മൃതദേഹവും: തെളിയാത്ത ദുരൂഹതകളും

"അന്വേഷിപ്പിൻ കണ്ടെത്തും"  -  വാചകം ബൈബിളിലേതാണ്. ഭൂമിയുള്ളിടത്തോളം കാലം തുടരുന്ന പ്രതിഭാസവും പ്രപഞ്ച സത്യവും അന്വേഷണം തന്നെയാണെന്ന തിരിച്ചറിവിൽ നിന്നാണ് കുറ്റാന്വേഷകൻ തൻറെ കണ്ണുപൊത്തിക്കളി ആരംഭിക്കുന്നത് .തേടി വരൂ എന്ന് ആർത്ത് വിളിച്ച് വീർപ്പുമുട്ടിക്കുന്ന അഞ്ജാത ശക്തിയുടെ പ്രേരണയിൽ അയാൾ തൻറെ യാത്ര തുടർന്നു കൊണ്ടേയിരിക്കും.

(ഫയൽ എക്സിലേക്ക്  വായനക്കാർക്കും സ്വാഗതം, തെളിയാത്ത കുറ്റകൃത്യങ്ങളിലേക്കുള്ള തിരിഞ്ഞ് നോട്ടമാണീ പരമ്പര)

.............

ജനുവരി കാറ്റ് വീശിയടിച്ച് തുടങ്ങിയ വൈകുന്നേരങ്ങളിലൊന്നായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 2019 ജനുവരി 15. കാലം തെറ്റി പൂത്ത വാകയുടെ തണലുള്ള ഒലവക്കോട് റെയിൽവേ സ്റ്റേഷൻ. സമീപത്തെ മേൽപ്പാലത്തിന് താഴെ കൂടിയ ആൾക്കൂട്ടം എന്തൊക്കെയൊ അടക്കം പറഞ്ഞു. ആളുകളെ തള്ളിമാറ്റി  സ്ഥലത്തേക്ക് എത്തിയ പോലീസ് സംഘം സമീപത്തെ ചവറു കൂനയിൽ നിന്നും ദുർഗന്ധം വമിച്ചിരുന്ന ആ കവറുകളിലൊന്ന് പുറത്തേക്കെടുത്തു.

അതൊരു കുഞ്ഞിൻറെ ജഡമായിരുന്നു. സീൻ ഗാർഡ് ചെയ്ത് പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചു. പാഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ  ബിഗ് ഷോപ്പറിനുള്ളിൽ ആ കുഞ്ഞ് കാലുകൾ കണ്ടു. അതൊരു തുടക്കമായിരുന്നു.സാധാരണ മിസ്സിങ്ങ് കേസുകളിൽ നിന്നാംരംഭിച്ച അന്വേഷണത്തിൻറെ വ്യാപ്തി ഒരു കടൽ പോലെ നീണ്ടു. 

ടൗണ്‍ നോർത്ത് പോലീസ് അന്വേഷണം നാനാവഴികളിലും കൊണ്ടു പോയി. സംസ്ഥാനത്തെ അങ്കണവാടികൾ തോറും ആ കുഞ്ഞിനെ തിരഞ്ഞു കാണാതായ കുട്ടികളുടെ ലിസ്റ്റെടുത്തു. ആയിരക്കണക്കിന് പേരുകൾക്കിടയിൽ അവളുടെ പേര് മാത്രമുണ്ടായിരുന്നില്ല. ആ കുഞ്ഞു കാലുകളിലൊന്നിലെ കറുത്ത് ചരടായിരുന്നു ആകെ ലഭിച്ച തുമ്പ്.

Crime1

പിന്നാലെ എത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കുട്ടി ലൈഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി.  അതൊരു നാലുവയസ്സുള്ള പെൺകുഞ്ഞായിരുന്നു.അന്വേഷണത്തിൻറെ ഗതി മാറാൻ അത് മാത്രം മതിയായിരുന്നു. മൃതദേഹം റെയിവേ ട്രാക്കിലേക്ക് എത്തിയ ദുരൂഹമായ വഴിയിലേക്ക് പോലീസും പതിയെ നടന്നു.

കൃത്യം ഒരുമാസം 2019 ഫെബ്രുവരിയിൽ തമിഴ്നാട് സ്വദേശികളായ അഞ്ച് പേർ തിരുപ്പൂരിൽ നിന്നും ആലുവയിൽ നിന്നുമായി പോലീസിൻറെ പിടിയിലായി. സുരേഷ്, ഫെമിന പിച്ചൈക്കനി, പടയപ്പ, സുലൈഹ, ഫാത്തിമ എന്നിവരായിരുന്നു അത്. എല്ലാവരും ഭിക്ഷാടക സംഘത്തിലെ അംഗങ്ങൾ. തീവണ്ടികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം.

പൈശാചിക കൃത്യം പ്രതികൾ വിവരിച്ചത്....

ഉറക്കത്തിലായിരുന്ന കുഞ്ഞിനെ പ്രതികളായ സുരേഷും പടയപ്പയും ചേർന്ന് റെയിൽവേ ട്രാക്കിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ കുട്ടി മരിച്ചിട്ടും കഴുത്തിൽ തുണി ചുറ്റി മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം കവറിൽ പൊതിഞ്ഞ് ചാക്കിലാക്കി ഉപേക്ഷിച്ച ശേഷം സംഘം രണ്ട് ദിശയിലേക്ക് പിരിഞ്ഞു.

2019 ജനുവരിയിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്ത് കുളിത്തലൈയിൽ നിന്നാണ് പ്രതികൾ കുട്ടിയെ കൊണ്ട് വന്നതെന്നായിരുന്നു പോലീസിന് നൽകിയ മൊഴി. പിന്നീട് പാലക്കാട് എത്തിച്ച് കുട്ടിയെ ഭിക്ഷയെടുപ്പിച്ചു. താണാവ് മേൽപ്പാലത്തിന് സമീപം താമസവുമാക്കി. 

kulithali

Image credit- B Jambulingam, Kumbakonam, Tamil Nadu (wikipedia)

പോലീസ് സംഘം കുളിത്തലയിലേക്ക് യാത്ര തിരിച്ചു. തമിഴ്നാട്ടിലെ കരൂർ ജില്ലയിലാണ് കുളിത്തലൈ. 2011-ലെ സെൻസസിൽ കഷ്ടിച്ച് 28000 പേർ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. കാവേരി നദീതീരങ്ങളിലും ചുറ്റുവട്ടങ്ങളിലും പോലീസ് സംഘം കുഞ്ഞിൻറെ മാതാപിതാക്കളെ തിരഞ്ഞു. എന്നാൽ കുട്ടിയുടേതായി ആരെയും കണ്ടെത്താനായില്ല.

കാലിലെ കറുത്ത ചരടും, ഏലസും പലരെയും കാണിച്ചും ആർക്കും അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. അഴുകിയ ആ കുഞ്ഞ് മൃതേദഹത്തിൽ നിന്നും കണ്ടെത്തിയ ആകെയുള്ള അടയാളങ്ങൾ പോലീസ് സംഘം സൂഷ്മതയോടെ വീണ്ടും പരിശോധിച്ചു ഒന്നും കണ്ടെത്താനായില്ല. അവർ മടങ്ങി.

അവളെ തേടുന്നവർ

ഇപ്പോഴും കേസിൻറെ അന്വേഷണ ചുമതല നോർത്ത് പോലീസിന് തന്നെയാണ്. നാടോടി കൂട്ടങ്ങളിൽ പെട്ട കുട്ടിയാണോ എന്നും ചില സംശയങ്ങളുണ്ട്. അതിലൊന്നിലും ആധികാരികത ഇല്ല.  അഞ്ചംഗ സംഘം ഉത്തരേന്ത്യ മുഴുവനും കറങ്ങിയതായാണ് പോലീസ് പറയുന്നത്. അത് കൊണ്ട് തന്നെ കുട്ടിയെ തമിഴ്നാട്ടിൽ നിന്നും കിട്ടി എന്ന മൊഴി പോലീസിന് പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞിട്ടില്ല. എവിടെയെങ്കിലും അവളുടെ മാതാപിതാക്കൾ കാത്തിരിപ്പുണ്ടാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അന്വേഷണം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News