Ranchi: മഹിളാശാക്തീകരണവും പെണ്‍കുട്ടികളുടെ സുരക്ഷയും അവരുടെ വിദ്യാഭ്യാസവും മുന്‍ നിര്‍ത്തി BJP നയിയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വനിതാ BJP നേതാവിന്‍റെ വീട്ടുജോലിക്കാരി നേരിടേണ്ടി വന്ന പീഡന കഥയും വാര്‍ത്തകളില്‍ നിറയുകയാണ്.
29കാരിയായ സുനിത എന്ന ആദിവാസി യുവതിയാണ് ഈ ഹതഭാഗ്യ. സംഭവം പുറത്തായതോടെ ബിജെപി നേതാവ് സീമ പാത്രയെ പാര്‍ട്ടി സസ്‌പെൻഡ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്ത ജാർഖണ്ഡ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയാണ് സീമ പാത്ര.
അതേസമയം, കഠിന പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി തന്‍റെ കദനകഥ വിവരിച്ചത് ആരുടേയും കണ്ണുകളെ ഈറനണിയിക്കും. ഇവരുടെ ശരീരത്തിലും മുഖത്തും മുറിവേറ്റ പാടുകളാണ്. ബിജെപി നേതാവ് തന്നെ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു.
Jharkhand | We came here to meet the victim, she's poor lady & used to work at her (accused Seema Patra) house. The way she was beaten by her was not right. It's good that she (Seema Patra) has been arrested & the party has also removed her: BJP leader & former CM Babulal Marandi pic.twitter.com/N6MS7OZJAB
— ANI (@ANI) August 31, 2022
ഒരു സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ റാഞ്ചി പോലീസ് കഴിഞ്ഞയാഴ്ച പാത്രയുടെ വസതിയിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തുകയും ചൊവ്വാഴ്ച മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് മകന്‍ അമ്മയനുഭവിക്കുന്ന പീഡനങ്ങള്‍ വെളിപ്പെടുത്തുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്നാണ് പാത്രയെ പിടികൂടിയത്.
റാഞ്ചിയിലെ അശോക് നഗർ ഏരിയയിലെ വസതിയിൽ പാത്ര വർഷങ്ങളായി യുവതിയെ ബന്ദിയാക്കി വച്ചിരുന്നതായാണ് ആരോപണം. പാത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സുനിത എന്ന സ്ത്രീ തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഇവരെ ബിജെപി സസ്‌പെൻഡ് ചെയ്തു.
ഒരു വൈറൽ വീഡിയോയിൽ, ശരീരത്തിലും മുഖത്തും മുറിവേറ്റ പാടുകളോടെ ആശുപത്രി കിടക്കയിൽ കിടക്കുന്ന സുനിത, സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് തന്നെ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. പാത്ര സ്ഥിരമായി തന്നെ മർദിക്കുകയും ഇരുമ്പ് വടി കൊണ്ട് മുഖത്ത് അടിയ്ക്കുകയും തറയിൽ നിന്ന് മൂത്രം നക്കി കുടിപ്പിച്ചതായും അവര്‍ പറഞ്ഞു. കൂടാതെ, ദിവസങ്ങളോളം ഭക്ഷണം നൽകാതെ പട്ടിണിയ്ക്കിട്ടതായും സുനിത ആരോപിച്ചു. പലപ്പോഴും പാത്രയുടെ മകനാണ് ക്രൂര ആക്രമണത്തില്‍ നിന്നും അവരെ രക്ഷിച്ചത്. പാത്രയുടെ മകന്‍ ആയുഷ്മാന്‍ മൂലമാണ് താന്‍ ഇന്ന് ജീവിച്ചിരിയ്ക്കുന്നത് എന്നും സുനിത വെളിപ്പെടുത്തി.
അതേസമയം, സംഭവത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് ഗവർണർ രമേഷ് ബൈസ് ഡിജിപി നീരജ് സിൻഹയോട് ചോദിച്ചു. കൂടാതെ, വിവിധ ആദിവാസി സംഘടനകളിലെ അംഗങ്ങൾ ചൊവ്വാഴ്ച യുവതി ചികിത്സയിൽ കഴിയുന്ന രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദർശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...