കണ്ണൂർ: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ് പേർ കസ്റ്റഡിയിൽ. തലശ്ശേരിയിലെ കൗണ്‍സിലര്‍ ലിജീഷും പോലീസ് കസ്റ്റഡിയിലാണ്. അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന വടിവാളും ആയുധങ്ങളും കണ്ടെടുത്തു. അതേസമയം, സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതും. കസ്റ്റഡിയിലെടുത്തവരിൽ നിന്നും ഹരിദാസിന്റെ സഹോദരനിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷിയാണ് ഹരിദാസിന്റെ സഹോദരൻ. അന്വേഷണ സംഘത്തെ ആറ് വിഭാഗങ്ങളാക്കി തിരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു.
ഹരിദാസിന് വെട്ടേറ്റ വീടിൻ്റെ പരിസരത്ത് പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന വടിവാളും ഇരുമ്പ് ദണ്ടും ഹരിദാസിൻ്റെ വീടിന്റെ പരിസരത്ത് നിന്ന് പോലീസ് കണ്ടെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് സിപിഎം നേതാക്കൾ ആരോപിച്ച ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഹരിദാസിൻ്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകൻ പുന്നോൽ സ്വദേശി ഹരിദാസിനെ അക്രമി സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന ഹരിദാസിനെ ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചാണ് കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഹരിദാസിനെ വെട്ടിക്കൊന്നത്. കാൽ മുറിച്ചുമാറ്റി. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. തലശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷ് ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.
തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ആർഎസ്എസാണ് കൊലയ്ക്ക് പിന്നിലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസിന്റെ ഗൂഢനീക്കമാണിത്. സിപിഎം യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...