കണ്ണൂർ: തലശേരി പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത് ബിജെപി കൗൺസിലർ ലിജേഷെന്ന് പോലീസ്. ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ സൂത്രധാരൻ ലിജേഷാണ്. ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമാണ് ലിജേഷ്. കേസിൽ പോലീസ് ലിജേഷ് ഉൾപ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലിജേഷ്, വിമിൻ, അമൽ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെല്ലാം ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്.
സംഭവ ദിവസം പുലർച്ചെ ഒരുമണിക്ക് ലിജേഷ് വാട്സ്ആപ്പ് കോൾ വിളിച്ചതാണ് പോലീസിന് നിർണായക തെളിവായത്. ലിജേഷ് ആദ്യം കോൾ മാറി ബന്ധുവിനാണ് വിളിച്ചത്. ഇയാൾ ലിജേഷിനെ തിരിച്ച് വിളിച്ചു. പിന്നീട് അറസ്റ്റിലായ സുമേഷിനെയാണ് ലിജേഷ് വിളിച്ചത്. സുമേഷാണ് ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട് കാര്യം അറിയിച്ചത്.
കൊലനടത്തുന്നതിനായി ലിജേഷ് ബിജെപി പ്രവർത്തകരുടെ സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘം വീടിന് സമീപത്ത് വച്ചാണ് ഹരിദാസനെ വെട്ടിക്കൊന്നത്. കൊലനടത്തുന്നതിനായി ഒരാഴ്ചയോളം ആസൂത്രണം നടത്തിയതായും പോലീസ് പറഞ്ഞു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...