പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മധുവിന്റെ കുടുംബം. കേസിലെ പ്രധാന സാക്ഷിയെ പണം നൽകി സ്വാധീനിക്കാൻ ശ്രമം നടന്നിട്ടുണ്ട്. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി സരസു ആരോപിച്ചു.
സാക്ഷികൾക്ക് പണം വാഗ്ദാനം ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് മധുവിന്റെ ഹോദരി പറയുന്നത്. കേസിൽ കൂറുമാറിയാൽ പ്രധാന സാക്ഷിക്ക് രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ചിലർ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി അതിന് തയാറായില്ലെന്ന് കുടുംബം പറഞ്ഞു. കേസിൽ നിന്നും പിന്മാറാണമെന്നാവശ്യപ്പെട്ട് ഒരിക്കൽ മുഖംമൂടി ധരിച്ച രണ്ടു പേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സരസു പറഞ്ഞു.
അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മധുവിന്റെ കുടുംബം. കേസിൽ വിചാരണ വൈകുന്നതിൽ നിരാശയുണ്ടെന്നും മധുവിന്റെ കുടുംബം സീ മലയാളം ന്യൂസിനോട് പറഞ്ഞിരുന്നു. അതേസമയം പബ്ലിക് പ്രോസിക്യൂട്ടറെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ആക്ഷൻ കൗണ്‍സിലുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കുടുംബം വ്യക്തമാക്കി.
Also Read: Google | ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പകർപ്പവകാശ നിയമ ലംഘനത്തിന് കേസ്
മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയാണെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. 2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം. കടയിൽ നിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മധുവെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...