രാജസ്ഥാൻ: ജോധ്പുരില്‍ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയടക്കം ഒരു കുടുംബത്തിലെ നാല് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ അഗ്നിക്കിരയാക്കി. ജോധ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഒസിയാന്‍ എന്ന ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകം നടന്നത്. ചൗരായ് സ്വദേശിയായ പുനാറാം (55), ഭാര്യ ഭന്‍വാരി (50), മരുമകള്‍ ധാപു (24), ധാപുവിന്‍റെ ആറു മാസം പ്രായമുള്ള മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ആദ്യം ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിന്റെ നടുമുറ്റത്തേക്ക് വലിച്ചിട്ടാണ് ചുട്ടെരിച്ചത്.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ചെന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞതായും മറ്റുള്ളവരുടേത് ഭാഗികമായി കത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല എന്നാണ് പോലീസ് അറിയിച്ചത്. കൊലപാതകത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും വ്യക്തി വൈരാഗ്യമാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് പോലീസിന്റെ പ്രതികരണം.
ALSO READ: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
മരിച്ച പുനാറാമിന് ബന്ധുക്കളുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സഹോദരനേയും ബന്ധുവിനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. 19-കാരനായ ബന്ധുവിനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പൂനാറാം കർഷകൻ ആണ്. അദ്ദേഹത്തിന്റെ മൂത്തമകൻ ജോലിയുടെ ഭാഗമായി മറ്റൊരു സ്ഥലത്താണുള്ളത്. രണ്ടാമത്തെ മകന്‍ കുടുംബവുമായി മറ്റൊരു വീട്ടിലാണ് താമസം. ഉറങ്ങിക്കിടക്കുമ്പോഴാണ് നാലുപേരും ക്രൂരതയ്ക്ക് ഇരയായതെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...