ന്യൂഡൽഹി: ഇന്ന് (ഫെബ്രുവരി 1) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കും. 2024ൽ തിരഞ്ഞെടുപ്പ് ആയതിനാൽ രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. നിരവധി പുതിയ നികുതി പരിഷ്കാരങ്ങളും നിലവിലുള്ള സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങളും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പ് കണക്കിലെടുത്ത് 2023 ലെ കേന്ദ്ര ബജറ്റിൽ വലിയ പ്രതീക്ഷയാണ് എല്ലാവർക്കും.
സിനിമാ ടിക്കറ്റ് നിരക്ക്, OTT സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് എന്നിവയുടെ കാര്യത്തിൽ വിനോദ വ്യവസായവും വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. സിനിമാ ടിക്കറ്റുകളുടെ ഏകീകൃതവും സ്ഥിരതയുള്ളതുമായ വിലനിർണ്ണയം വേണമെന്ന് ബോളിവുഡിലെയും ചലച്ചിത്ര വ്യവസായത്തിലെയും നിരവധി വിദഗ്ധർ അഭിപ്രായപ്പെട്ടു. നിലവിൽ, സിംഗിൾ സ്‌ക്രീൻ തിയേറ്ററുകൾക്കും മൾട്ടിപ്ലക്‌സുകൾക്കുമുള്ള സിനിമാ ടിക്കറ്റ് നിരക്കിൽ കാര്യമായ വ്യത്യാസമുണ്ട്. ഇത് സ്ഥാപനത്തിന്റെ ഗുണനിലവാരത്തിലും പരിപാലനത്തിലും വ്യത്യാസം വരുത്തുന്നുവെന്നാണ് വിലയിരുത്തൽ.
2023ലെ കേന്ദ്ര ബജറ്റിന്റെ പ്രഖ്യാപനം വരുമ്പോൾ വിനോദ വ്യവസായത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ മൾട്ടിപ്ലക്‌സുകളിലെ സിനിമാ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യതയുണ്ട്. ഇത് എല്ലാ സാമ്പത്തിക വിഭാഗങ്ങളിലെയും ആളുകൾക്ക് ബിഗ് സ്‌ക്രീനിൽ സിനിമ കാണാൻ സാധിക്കുന്ന തരത്തിലേക്ക് എത്തും.
സിനിമാ ടിക്കറ്റുകൾക്ക് ഏറ്റവും കൂടുതൽ വിനോദ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് സംസ്ഥാന നിയന്ത്രിത വിഷയമാണെങ്കിലും, ഇത്തവണത്തെ കേന്ദ്ര ബജറ്റിന് സിനിമാ ടിക്കറ്റുകളുടെ വിനോദ നികുതി നിയന്ത്രിച്ച് സാധാരണക്കാർക്കും താങ്ങാനാകുന്ന ഒരു നിരക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു പുതിയ നയം അവതരിപ്പിക്കാൻ കഴിയും.
അതേസമയം ഒടിടി സബ്സ്ക്രിപ്ഷന്റെ കാര്യം വരുമ്പോൾ കേന്ദ്ര ബജറ്റ് ഇവയുടെ തുകയെ ബാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം സ്വകാര്യ കമ്പനികൾ ഒടിടി സബ്‌സ്‌ക്രിപ്‌ഷന്റെ വ്യത്യസ്‌ത മോഡുകൾക്കും ഫോർമാറ്റുകൾക്കുമായി അവരുടെ വിലനിർണ്ണയ മാതൃക നിശ്ചയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള രണ്ട് ഒടിടി ഭീമൻമാരായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം കാഴ്ചക്കാരുടെ ഒരു പ്രധാന വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരാണ്. രാജ്യത്തുടനീളം OTT സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമായതിനാൽ സിനിമാ തിയേറ്റർ വ്യവസായം വലിയ തിരിച്ചടി നേരിടുന്നുമുണ്ട്. സിനിമാ ടിക്കറ്റ് നിരക്ക് കുറച്ചാൽ ആളുകൾ തിയേറ്ററിൽ വന്ന് സിനികൾ കൂടുതൽ കാണാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകളും കുറച്ചേക്കാം.
മുൻകാലങ്ങളിൽ കേന്ദ്ര ബജറ്റ് വിനോദ വ്യവസായത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ വ്യവസായത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കാരണം, വരുന്ന സാമ്പത്തിക വർഷത്തേക്ക് നികുതി ഇളവുകൾ വരുത്താനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...