മുംബൈ: പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve bank of India). നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ പ്രവചനം 9.5 ശതമാനമായി നിലനിർത്തി. സെൻട്രൽ ബാങ്ക് പണപ്പെരുപ്പ പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയർത്തി. നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററിങ് പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തതായി ആർബിഐ ഗവർണർ (RBI Governor) ശക്തികാന്ത ദാസ് പറഞ്ഞു.
കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതാണ് അഭികാമ്യമെന്ന് സമിതി വിലയിരുത്തി. റിപ്പോ നിരക്ക് (Repo rate) നാല് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചു. പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാൻ മോണിറ്ററിങ് പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു.
കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അടിസ്ഥാന സാഹചര്യങ്ങൾ ഇപ്പോഴും ദുർബലമാണ്. നിരവധി മേഖലകളിൽ വിതരണ-ഉപഭോഗ ബാലൻസ് പുനസ്ഥാപിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നിലവിലെ നാണയപ്പെരുപ്പം താൽക്കാലികമാണ്. പുതിയ വീണ്ടെടുക്കൽ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. കൊവിഡ് പ്രതിസന്ധി (Covid pandemic) കുറയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാകാൻ തുടങ്ങിയതായും സമിതി വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...