ന്യൂഡൽഹി: ലോകത്ത് ടാറ്റയ്ക്ക് മാത്രം എപ്പോഴും കൈമുതലായ ഗുണങ്ങളിൽ ഒന്ന് തുടക്കം മുതൽ ഇപ്പോൾ വരെയും അവർ ജീവനക്കാരോട് പുലർത്തുന്ന സൗഹാർദ്ദപരമായ നിലപാടാണ്. എന്ത് സംഭവിച്ചാലും കമ്പനി തങ്ങളുടെ ഒപ്പമുണ്ടെന്ന് ജീവനക്കാരനെ തോന്നിപ്പിക്കുന്നതൊക്കെ ചെയ്യുന്നവരാണത്രെ ടാറ്റ. ആഗോള തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിലും പിന്നീടുണ്ടായ പിരിച്ചുവിടലുകളിലും തരിമ്പും കുലുങ്ങാത്ത കമ്പനി കൂടിയാണ് ടാറ്റ.
ഇത്തരമൊരു കമ്പനിയിൽ വെറുമൊരു ഇൻറേണായി ചേർന്നയാളായിരുന്നു ചന്ദ്രശേഖരൻ എന്ന തമിഴ്നാട്ടുകാരൻ പയ്യൻ. പറയത്തക്ക അക്കാദമിക് മികവുകളൊന്നുമില്ലാതെ സാധാരണ സർക്കാർ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1987 ൽ അദ്ദേഹം ടിസിഎസിൽ ചേർന്നു. ഇന്ന് അദ്ദേഹമാണ് ടാറ്റയുടെ ചെയർമാൻ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമുള്ള കാര്യമാണ്. അതാണ് നടരാജൻ ചന്ദ്ര ശേഖരൻ.
ആരാണ് എൻ ചന്ദ്രശേഖരൻ?
1963ൽ തമിഴ്‌നാട്ടിലെ മോഹനൂരിൽ കർഷക കുടുംബത്തിലാണ് എൻ ചന്ദ്രശേഖരൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം അവിടുത്തെ സർക്കാർ സ്കൂളിൽ.അച്ഛനൊപ്പം കൃഷിപ്പണി ചെയ്തായിരുന്നു ചന്ദ്രശേഖരൻറെ ബാല്യം.പിന്നീട് കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം നേടി.തിരുച്ചിറപ്പള്ളിയിലെ റീജിയണൽ എൻജിനീയറിങ് കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസും (എംസിഎ) പൂർത്തിയാക്കിയാണ് 1987-ൽ ടിസിഎസിൽ എത്തുന്നത്. അന്ന് ടിസിഎസ് വളർച്ചയിലേക്ക് പിച്ച വെച്ച് നടക്കുന്ന കാലം.
കഠിനാദ്വാനവും ബുദ്ധി വൈഭവവും കൈമുതലാക്കിയ ചന്ദ്രശേഖരൻ 2007 സെപ്റ്റംബറിൽ ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) നിയമിതനായി. 2009 ഒക്ടോബറിൽ തൻറെ
46-ാം വയസ്സിൽ അദ്ദേഹം ടിസിഎസിന്റെ സിഇഒ ആയി.ബിസിനസ് വൃത്തങ്ങളിൽ ചന്ദ്ര എന്നാണ് അദ്ദേഹത്തിൻറെ ഒാമന പേര്.
അങ്ങിനെയിരിക്കെ ഒരു സുപ്രഭാതത്തിൽ താൻ ചെയർമാൻ സ്ഥാനം ഒഴിയുന്നതായി രത്തൻ ടാറ്റ പ്രഖ്യാപിച്ചു. വിപണിയിൽ ഷെയർ മൂല്യം വരെ ഇടിയുമെന്ന് പ്രവചനങ്ങളുണ്ടായി. എന്നാൽ ഒന്നും സംഭവിച്ചില്ല. പുതിയ ചെയർമാനായി മറ്റൊരാളെ ചിന്തിക്കണ്ട ആവശ്യം രത്തൻ ടാറ്റക്കുണ്ടായിരുന്നില്ല.തൻറെ വലംകൈയ്യായ ചന്ദ്രശേഖരനെ കമ്പനി ഏൽപ്പിച്ചായിരുന്നു അദ്ദേഹത്തിൻറെ പടിയിറങ്ങൽ പ്രഖ്യാനം. അതോടെ നടരാജൻ ചന്ദ്രശേഖരൻ എന്ന തമിഴ്നാട്ടുകാരൻ ലോക കോർപ്പറേറ്റ് ഭൂപടത്തിലേക്ക് കൂടി എത്തിപ്പെടുകയായിരുന്നു.
65 കോടി ഇന്ന് 109 കോടി
ചന്ദ്രശേഖരന്റെ 2019ലെ ശമ്പളം 65 കോടി രൂപയായിരുന്നു. 2021-2022ൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് 109 കോടി രൂപയുടെ പാക്കേജ് ലഭിച്ചു.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പിൻറെ ലാഭം 6,728 കോടി രൂപയിൽ നിന്ന് 2022ൽ 64,267 കോടി രൂപയായി ഉയർന്നു.കഴിഞ്ഞ 5 വർഷത്തിനിടെ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 6.37 ലക്ഷം കോടി രൂപയിൽ നിന്ന് 9.44 ലക്ഷം കോടി രൂപയായി വളർന്നതായി ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
സ്വത്തുക്കൾ
2020-ൽ എൻ ചന്ദ്രശേഖരൻ 98 കോടി രൂപയ്ക്ക് മുംബൈയിലെ പെഡർ റോഡ് ആഡംബര ടവറിൽ ഒരു ഡ്യൂപ്ലക്സ് ഫ്ലാറ്റ് വാങ്ങി. 6000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഫ്ലാറ്റിന് പ്രതിമാസം 20 ലക്ഷം രൂപയാണ് വാടക.മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വസതിയായ ആന്റിലിയയുടെ അതേ പരിസരത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഇതൊരു സാധാരണക്കാരൻറെ വിജയത്തിൻറെ കഥ മാത്രമല്ല. കഠിനാധ്വാനത്തിൻറെ ആകെ തുക എന്താണെന്ന് കൂടി എൻ ചന്ദ്രശേഖരൻറെ ജീവിതം കാണിച്ച് തരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...