പള്ളി പിടുത്തമല്ല... പങ്കിടല്ലാണ്; കഴക്കൂട്ടത്ത് യാക്കോബായ വിശ്വാസികൾക്ക് കുർബ്ബാന അർപ്പിക്കാൻ പള്ളി വിട്ട് നൽകി ബഥേൽ മാർത്തോമ്മ പള്ളി

Bethel Marthoma Church Kazhakoottam : കഴക്കൂട്ടത്ത് യാക്കോബായ പള്ളി പണിയുന്നത് വരെ പാത്രിയർക്കീസ് വിശ്വാസികൾക്ക് ബഥേൽ മാർത്തോമ്മ പള്ളിയിൽ കൂർബ്ബാന അനുഷ്ഠിക്കാമെന്ന് ധാരണയായി

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 06:00 PM IST
  • കഴക്കൂട്ടം ബഥേൽ മാർത്തോമ്മ പള്ളിയാണ് യാക്കോബായ വിശ്വാസികൾക്കായി തുറന്ന് നൽകിയത്
  • പുതിയ യാക്കോബായ പള്ളി പണിയുന്നത് വരെ മാർത്തോമ്മ പള്ളി കുർബ്ബാൻ അനുഷ്ഠിക്കാം
പള്ളി പിടുത്തമല്ല... പങ്കിടല്ലാണ്; കഴക്കൂട്ടത്ത് യാക്കോബായ വിശ്വാസികൾക്ക് കുർബ്ബാന അർപ്പിക്കാൻ പള്ളി വിട്ട് നൽകി ബഥേൽ മാർത്തോമ്മ പള്ളി
തിരുവനന്തപുരം: സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഓർത്തഡോക്സ്-യാക്കോബായ വിശ്വാസികൾക്കിടെയിലുള്ള പള്ളിത്തർക്കവും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞ് നിന്ന സംഭവ വികാസങ്ങളാണ്. എന്നാൽ ആരാധനയ്ക്ക് വേണ്ടി പള്ളി പിച്ചെടുക്കുകയല്ല അത് പങ്കിടുകയാണെന്ന് വേണ്ടത് എന്ന സന്ദേശം നൽകുകയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ ബഥേൽ മാർത്തോമ്മ പള്ളി. കഴക്കൂട്ടത്തെ യാക്കോബായ വിശ്വാസികൾക്കായി കുർബ്ബാന അർപ്പിക്കാനായി പള്ളി വിട്ട് നൽകിയിരിക്കുകയാണ് മാർത്തോമ്മ പള്ളിയുടെ ഭാരവാഹികൾ. കേരളത്തിന് പുറത്ത് ഒരു പള്ളിയിൽ തന്നെ രണ്ട് ക്രൈസ്തവ വിഭാഗങ്ങൾ ആരാധന സംഘടിപ്പിക്കുന്നത് കാണാറുള്ളതാണ്. എന്നാൽ കേരളത്തിനുള്ളിൽ എക്യുമെനിക്കൽ അല്ലാത്ത പള്ളിയിൽ രണ്ട് വ്യത്യസ്ത സഭകൾ പങ്കിട്ട് കുർബ്ബാന അനുഷ്ഠിക്കുന്നത് ഇതാദ്യമാണ്.
 
കഴക്കൂട്ടത്ത് താമസിക്കുന്ന യാക്കോബായ സഭയുടെ വിശ്വാസികൾക്ക് ഈ പ്രദേശത്ത് ഒരു പള്ളിയില്ല. പ്രായമായവരുൾപ്പെടെയുള്ള യാക്കോബായ സഭാ വിശ്വാസികൾക്ക് ഏറെ ദൂരം സഞ്ചരിച്ചു വേണം സഭയുടെ മറ്റു ദേവാലയങ്ങളിലേക്ക് എത്താൻ. യാക്കോബായ സഭയിലെ വൈദികരും വിശ്വാസികളും തങ്ങളുടെ ബുദ്ധിമുട്ട് കഴക്കൂട്ടത്തെ മാർത്തോമ്മ പള്ളി വികാരിയേയും പള്ളി കമ്മിറ്റിക്കാരെയും അറിയിച്ചു. ഇതെ തുടർന്ന് ബഥേൽ മാർത്തോമ്മ പള്ളി വികാരി ഡോ. രഞ്ജൻ നെല്ലിമുട്ടിൽ ഇതിന് അനുവാദം തേടി മാർത്തോമ്മ സഭയുടെ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മയ്ക്കും തിരുവനന്തപുരം ഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്കും കത്ത് നൽകി. ഇതിന് അനുമതി നൽകാമെന്ന് മാർത്തോമ്മ സഭാ നേതൃത്വം തീരുമാനിച്ചു.
 

യാക്കോബായ സഭയുടെ വിശ്വാസികൾക്ക് മാർത്തോമ്മ പള്ളിയിൽ കുർബാന അർപ്പിക്കുന്നതിനുള്ള അനുമതി യാക്കോബായ സഭയുടെ നേതൃത്വവും നൽകി. ഇതെ തുടർന്ന് യാക്കോബായ സഭയുടെ കൊല്ലം ഭദ്രാസനാധിപനായ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത കഴക്കൂട്ടത്തെ ബഥേൽ മാർത്തോമ്മ പള്ളിയിൽ നേരിട്ട് എത്തി കുർബാന അർപ്പിക്കുകയായിരുന്നു.
 
പുതിയൊരു പള്ളി കഴക്കൂട്ടത്ത് യാക്കോബായ സഭ പണിയുന്നത് വരെ മാർത്തോമ്മ പള്ളിയിലാകും വിശ്വാസികൾ കുർബാന അർപ്പിക്കുക. എല്ലാ ശനിയാഴ്ചകളിലുമാണ് യാക്കോബായ വിശ്വാസികൾക്കായി മാർത്തോമ്മ പള്ളി വിട്ടു നൽകുക. പുതിയ തീരുമാനത്തെ വിശ്വാസികളും വലിയ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. പള്ളികളുടെ ഉടമസ്ഥാവകാശത്തിലും ഭരണത്തിലുമൊക്കെ വലിയ പ്രശ്നങ്ങളും തർക്കങ്ങളുമുള്ള കാലത്ത് കഴക്കൂട്ടെ ഈ മാതൃക കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് വിശ്വാസികളുടെ പക്ഷം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News