കർക്കടക രാശിയിൽ നിന്ന് സൂര്യൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നതാണ് ചിങ്ങ സംക്രമം. 1199 ചിങ്ങം ഒന്നിന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1.32ന് ചിങ്ങ സംക്രമം നടക്കും. അർദ്ധരാത്രിക്ക് താഴെ സംക്രമം വന്നാൽ സംക്രമകാലത്ത് ചെയ്യേണ്ടുന്ന കർമ്മങ്ങളെല്ലാം അന്ന് മദ്ധ്യാഹ്നത്തിന് മുൻപും അർദ്ധരാത്രി കഴിഞ്ഞ് സംക്രമം വന്നാൽ പിറ്റേദിവസം മദ്ധ്യാഹ്നത്തിനകത്തും ചെയ്യണമെന്നാണ് വിശ്വാസം.
ഇത്തവണ സൂര്യൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നത് മദ്ധ്യാഹ്ന ശേഷമായതിനാൽ വ്യാഴാഴ്ച വൈകിട്ടാണ് സംക്രമപൂജ നടക്കുക. ചില ക്ഷേത്രങ്ങളിൽ രാവിലെ സംക്രമ പൂജ നടത്താറുണ്ട്. ചിങ്ങ സംക്രമ ദിനത്തിൽ വൈകിട്ട് വീട്ടിലെ പൂജാമുറിയിൽ ദീപം തെളിയിച്ച് പ്രാർഥിക്കുന്നത് പുണ്യം നൽകുമെന്നാണ് വിശ്വാസം.
മകം നക്ഷത്രത്തിൽ സംക്രമം നടക്കുന്നതിനാൽ ഈ നാളുകാർ ക്ഷേത്രങ്ങളിൽ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തുന്നത് ഗുണം ചെയ്യും. മലയാളത്തിന്റെ പുതുവൽസരപ്പിറവിയായ ചിങ്ങപ്പുലരിയെ ക്ഷേത്രങ്ങളിൽ വിശേഷ പൂജകളോടെയാണ് ആരംഭിക്കുന്നത്. സർവൈശ്വര്യങ്ങളും പ്രതീക്ഷകളുമായാണ് ചിങ്ങപ്പുലരിയെ മലയാളികൾ വരവേൽക്കുന്നത്.
ALSO READ: Horoscope: ഈ രാശിക്കാർക്ക് ഇന്ന് ലക്ഷ്മീദേവിയുടെ കടാക്ഷം- ഇന്നത്തെ സമ്പൂർണ രാശിഫലം
ഈ ദിവസം ചെയ്യുന്ന പൂജകൾക്കും വഴിപാടുകൾക്കും പ്രത്യേക ഫലസിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ചിങ്ങപ്പുലരി വെളുത്ത പക്ഷത്തിലെ പ്രഥമ തിഥിയിൽ ആണ് വരുന്നത്. അതിനാൽ, വിനായക ചതുർത്ഥി വ്രതം ആരംഭിക്കാൻ ഈ ദിനം ഉത്തമമായി കണക്കാക്കുന്നു. ആഗസ്റ്റ് 20ന് മലയാള മാസം ചിങ്ങം നാലിനാണ് ഈ വർഷത്തെ വിനായക ചതുർത്ഥി.
ഭഗവാന്റെ ജന്മനക്ഷത്രമായ അത്തവും ഇത്തവണ ഒരേ ദിനത്തിൽ തന്നെ വരുന്നതിനാൽ ഈ ദിനം കൂടുതൽ ശ്രേഷ്ഠമായി കണക്കാക്കുന്നു. വെളുത്തപക്ഷ പ്രഥമ മുതൽ ചതുർത്ഥിവ്രതം ആചരിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വ്രതനിഷ്ഠയോടെ ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തുന്നത് വിഘ്നങ്ങൾ അകലാൻ സഹായിക്കും.
വ്രതം നോൽക്കാനാകാത്തവരും അന്നേ ദിവസം ഓം ഗം ഗണപതയേ നമഃ എന്ന മൂലമന്ത്രം ജപിക്കുന്നത് ഫലം ചെയ്യും. ഈ ദിവസം ഭക്തജനങ്ങൾ നടത്തുന്ന ഗണപതി ഹോമം, മോദകം, ഉണ്ണിയപ്പം, അട നിവേദ്യം എന്നിവയ്ക്കും മന്ത്രജപത്തിനും മറ്റ് ഉപാസനകൾക്കും വലിയ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...