ശ്രീലങ്ക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോവുകയാണ്. പൊതുജനം സർക്കാരിനെതിരെ മുറവിളി കൂട്ടി തെരുവിലിറങ്ങി പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പട്ടാളം അവരെ അടിച്ചമർത്തുന്നു. കുതിച്ചുയർന്ന പണപ്പെരുപ്പവും ,ഇന്ധനം ഉൾപ്പെടെയുള്ള അടിസ്ഥാന വസ്തുക്കളുടെ ദൗർലഭ്യവും എല്ലാം ജനങ്ങളെ നട്ടം തിരിക്കുകയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി സർക്കാർ രാഷ്ടീയ പ്രതിസന്ധിയെ തരണം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ദ്വീപിൽ വിദ്യാർഥികളും കർഷകരും തൊഴിലാളികളും സംഘടിച്ച് തെരുവിലിറങ്ങുന്നു. രജെപക്സെയുടെ രാജിയാണ് അവർക്കാവശ്യം.തങ്ങളെ ഇത്രയും മോശമായ അവസ്ഥയിലേക്ക് തള്ളി വിട്ട രജെപക്സെ സർക്കാരിനെ അവർക്ക് ഇനി വേണ്ട.
ആരാണ് രജെപക്സെ? രജപക്സെ സർക്കാരിന്‍റെ ഏതൊക്കെ നയങ്ങളാണ് ശ്രീലങ്കയുടെ ഇന്നത്തെ അവസ്ഥക്ക് വഴിയൊരുക്കിയത്? 1945 നവംബർ 18-ന് ബ്രിട്ടീഷ് സിലോണിലെ തെക്കൻ പ്രവിശ്യയിലെ വീരകതിയയിൽ വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. പിതാവ് ഡി.എ.രജപക്‌സെ പാർലമെന്റ് അംഗവും ക്യാബിനറ്റ് മന്ത്രിയുമൊക്കയായിരുന്നു. 1970ൽ, ഇരുപത്തിനാലാമത്തെ വയസിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമായി. പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിട്ടായിരുന്നു കന്നിതുടക്കം. 1977-ൽ പാർലമെന്റ് സീറ്റ് നഷ്ടപ്പെട്ട രജപക്സെ അഭിഭാഷകവൃത്തിയിലേക്ക് മടങ്ങി. മിടുക്കനായ അഭിഭാഷകനായിരുന്നു രജപക്സെ.
ഒരിടവേളക്ക് ശേഷം ഹംബന്തോട്ട ജില്ലയെ പ്രതിനിധീകരിച്ച് 1989-ൽ വീണ്ടും പാർലമെന്റിലേക്ക് അദ്ദേഹം തിരിച്ചെത്തി. 2001ലെ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് നാഷണൽ പാർട്ടി ജനകീയ സഖ്യത്തെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് 2002 മാർച്ചിൽ അദ്ദേഹം പ്രതിപക്ഷ നേതാവായി നിയമിതനായി. 2005 നവംബറിൽ രജപക്സെ ആദ്യമായി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 2010 ജനുവരിയിൽ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടതോടെ രജപക്സെ കരുത്തനായ നേതാവായി മാറി. 2015 ജനുവരി വരെ പ്രസിഡന്റായി അദ്ദേഹം തുടർന്നു. എന്നാൽ 2015ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിൽ രജപക്‌സെ മൈത്രിപാല സിരിസേനയോട് പരാജയം ഏറ്റുവാങ്ങി.
2018 ഒക്‌ടോബർ 26-ന്, യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് ഐക്യസർക്കാരിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന്, രജപക്‌സെക്ക് വീണ്ടും പ്രധാനമന്ത്രിയാവാനുള്ള ഊഴം ലഭിച്ചു. 2018 നവംബറിൽ പ്രതിപക്ഷം രജെപക്സെക്കെതിരെ കൊണ്ടുവന്ന രണ്ട് അവിശാവാസ പ്രമേയങ്ങളെ തുടർന്ന് രജപക്‌സെയുടെ സർക്കാർ വീണു. 2019ൽ പുതുതായി രൂപീകരിച്ച ശ്രീലങ്കൻ പൊതുജന മുന്നണിയിലൂടെ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തി. 225 അംഗ അസംബ്ലിയിൽ SLPP അതിന്റെ സഖ്യകക്ഷികളോടൊപ്പം ആകെ 150 സീറ്റുകൾ നേടി, മൂന്നിൽ രണ്ട് ഭൂരിപക്ഷം രജപക്സെ സർക്കാർ സ്വന്തമാക്കി.
ശ്രീലങ്കയിലെ സർക്കാരും വിഘടനവാദികളായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴവും തമ്മിലുള്ള 26 വർഷത്തെ ആഭ്യന്തരയുദ്ധം നിർണ്ണായക സൈനിക നീക്കത്തോടെ അവസാനിപ്പിക്കുവാനും രജപക്സെക്കായി. എന്നാൽ ഇത്തവണത്തെ ഊഴത്തിൽ രജപക്സെയുടെ കൗശലങ്ങളും തന്ത്രങ്ങളും പാളി. കൃഷി 100 ശതമാനം ജൈവികമാക്കാൻ എല്ലാ രാസവളങ്ങളും നിരോധിക്കുവാനുള്ള രജപക്സെ സർക്കാരിന്റെ തീരുമാനം രാജ്യത്തെ കാർഷിക ഉൽപ്പാദനത്തെ രൂക്ഷമായി ബാധിച്ചു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി.തുടർച്ചയായി വന്ന ഗവൺമെന്റുകളുടെ സാമ്പത്തിക ദുരുപയോഗം ശ്രീലങ്കയുടെ വിദേശ കരുതൽ ശേഖരത്തിന്റെ 70 ശതാമാനവും ഇതിനോടകം തന്നെ ഇല്ലാതാക്കി.
കോവിഡ് രൂക്ഷമായതോടെ ഇന്ത്യ, റഷ്യ, യുകെ എന്നീ മൂന്ന് പ്രധാന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ നഷ്ടപ്പെടുകയും ശ്രീലങ്കൻ ജിഡിപിയുടെ 10 ശതമാനത്തിലധികം വരുന്ന ടൂറിസം അപ്പാടെ തകരുകയും ചെയ്തു. ചൈനയാകട്ടെ ലങ്കയെ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത അവസ്ഥയുമായി. ലങ്ക ഇന്ന് ലോകരാജ്യങ്ങളോട് സഹായം കേഴുകയാണ്. സാമ്പത്തികസ്ഥിതി ചരിത്രത്തിലെ ഏറ്റവും വലിയപ്രതിസന്ധി ഘട്ടങ്ങളിലൂടെ ഇന്ന് കടന്നു പോകുന്നു. ഇപ്പോൾ ശ്രീലങ്കയും രജപക്സെയും ലോകത്തിന് തന്നെ പാഠമാണ്. ഇനി ഒരിക്കലും ആവർത്തിക്കപ്പെടാനേ പാടില്ലാത്ത ചരിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA