അമേരിക്കൻ ഇന്റലിജൻസിലെ ഉയർന്ന ഉദ്യോഗസ്ഥ ക്യൂബൻ ചാരയായത് എങ്ങനെ? അന മൊണ്ടെസ് ചാരയായത് പണത്തിന് വേണ്ടിയല്ല

അമേരിക്കൻ യുദ്ധവിമാനങ്ങളെ സംബന്ധിച്ചുള്ള ജോലിയ്ക്ക് നിയോഗിച്ച മൊണ്ടെസയെ അത് നടക്കും മുൻപ് തന്നെ എഫ്‌ബിഐ പിടികൂടി അറസ്റ്റ് ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 05:13 PM IST
  • സ്വന്തം നിലപാടുകളിൽ വാചാലയായിരുന്ന അവരുടെ അഭിപ്രായ പ്രകടനങ്ങൾ തന്നെയാണ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്.
  • അമേരിക്കൻ വിദേശനയത്തിലുള്ള അവരുടെ വിയോജിപ്പുകൾ സഹപ്രവർത്തകരിൽ സംശയം ജനിപ്പിച്ചു.
  • പക്ഷേ പ്രതിരോധമന്ത്രാലയത്തിലെ കഴിവുറ്റ ഉദ്യോഗസ്ഥ ക്യൂബയ്ക്ക് വേണ്ടി പണിയെടുക്കുന്നു എന്നത് തിരിച്ചറിയാൻ പിന്നെയും വൈകി.
അമേരിക്കൻ ഇന്റലിജൻസിലെ ഉയർന്ന ഉദ്യോഗസ്ഥ ക്യൂബൻ ചാരയായത് എങ്ങനെ? അന മൊണ്ടെസ് ചാരയായത് പണത്തിന് വേണ്ടിയല്ല

20 വർഷത്തിന് ശേഷം അമേരിക്ക തടവിലിട്ട ക്യൂബൻ ചാരവനിത അന ബെലൻ മൊണ്ടെസ് ജയിൽ മോചിതയായി. ആരാണ് അന ബെലൻ മൊണ്ടെസ്? അമേരിക്കൻ ഇന്റലിജൻസിലെ ഉയർന്ന ഉദ്യോഗസ്ഥ ക്യൂബൻ ചാരയായത് എങ്ങനെ? 17 വർഷം എങ്ങനെ അവർ ക്യൂബൻ ചാരയായി പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്തു?

യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (DIA)യിലെ ഉയർന്ന ഉദ്യോഗസ്ഥയായിരുന്നു അന ബെലൻ മൊണ്ടെസ്. അമേരിക്ക കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ വനിത. അമേരിക്ക എങ്ങനെയാണ് ക്യൂബയ്ക്ക് എതിരെ പ്രവർത്തിക്കുന്നത് എന്ന് കൃത്യമായി അറിയാവുന്ന ആൾ. ചാരപ്രവർത്തിക്കായി ക്യൂബ മൊണ്ടെസയെ കണ്ടെത്തുന്നത് അവൾ 1984ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുമ്പോഴാണ്. 

പ്രസിഡന്റ് റൊണാൾഡ് റീഗന്റെ നയങ്ങളോട് കടുത്ത എതിർപ്പ്, സ്വന്തം നിലപാടുകളെക്കുറിച്ച് വാചാലയായിരുന്നു അവൾ. അങ്ങനെ സഹപാഠിവഴി ക്യൂബ അവളിലേക്ക് എത്തി. 1985 മുതൽ അവർ ക്യൂബയ്ക്ക് വേണ്ടി ചാരപ്രവർത്തി ആരംഭിച്ചിരുന്നു. ക്യൂബ റിക്രൂട്ട് ചെയ്ത മുഴുവൻ സമയ സ്പൈ. 

Also Read: Pakistan Economic Crisis : ഒരു കിലോ ഗോതമ്പിന് 150 രൂപ; പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

 

അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിലെ മികച്ച ഓഫീസറായിരുന്നു മൊണ്ടെസ്. മികച്ച ക്യൂബൻ അനലിസ്റ്റ്. അങ്ങനെ ഉന്നതസ്ഥാനത്തേക്ക് വളരെ വേഗം ഉയ‍ർന്നു. ആരും അറിയാതെ ക്യൂബയെക്കുറിച്ചുള്ള അമേരിക്കൻ വീക്ഷണങ്ങളും നിർണായക വിവരങ്ങളും ക്യൂബയ്ക്ക് കൈമാറിക്കൊണ്ടിരുന്നു.  സഹപ്രവർത്തകരുമായുള്ള സംഭാഷങ്ങളിൽ നിന്നും വിവരങ്ങൾ ചോർത്തി. ഒപ്പം ക്യൂബയിലെ അമേരിക്കൻ ചാരൻമാരെക്കുറിച്ചുള്ള വിവരങ്ങളും. 

അമേരിക്കയ്ക്ക് എന്തുകൊണ്ട് മൊണ്ടേസയെ മനസിലായില്ല?

മൊണ്ടെസ് ഒരിക്കൽപോലും ഒരു രേഖയും ഓഫീസിൽ നിന്നും ചോർത്തിയില്ല. ഡേറ്റ ചോർത്താൻ അവർ മറ്റൊരു ഡിവൈസും ഉപയോഗിച്ചില്ല. പകരം തന്റെ ബുദ്ധിശക്തി ഉപയോഗിച്ച് വിവരങ്ങൾ മനപ്പാഠമാക്കും. വീട്ടിലെത്തിയാൽ ഉടൻ സ്വന്തം ലാപ്ടോപ്പിലേക്ക് ടൈപ്പ് ചെയ്തുവയ്ക്കും.  ഈ ഡേറ്റയാണ് ഇവർ ക്യൂബയ്ക്ക് കൈമാറിക്കൊണ്ടിരുന്നത്. വെള്ളത്തിൽ അലിയിച്ചു കളയാവുന്ന പ്രത്യേക തരം പേപ്പറുകളിലാണ് അവർ നിർണായക വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ക്യൂബയുമായി സംസാരിക്കുന്നതിന് അവർ പ്രത്യേക തരം കോഡുകളും ഉപയോഗിച്ചു. ഓഫീസിൽ നിന്നും ഡോക്യുമെന്റുകൾ ഒന്നും ചോരാത്തതിനാൽ മൊണ്ടേസയിലേക്ക് എത്താൻ അമേരിക്കൻ ഇന്റലിജൻസ് ഒരുപാട് സമയം എടുത്തു.

എങ്ങനെ മൊണ്ടെസ് പിടിയിലായി?

സ്വന്തം നിലപാടുകളിൽ വാചാലയായിരുന്ന അവരുടെ അഭിപ്രായ പ്രകടനങ്ങൾ തന്നെയാണ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്. അമേരിക്കൻ വിദേശനയത്തിലുള്ള അവരുടെ വിയോജിപ്പുകൾ സഹപ്രവർത്തകരിൽ സംശയം ജനിപ്പിച്ചു. പക്ഷേ പ്രതിരോധമന്ത്രാലയത്തിലെ കഴിവുറ്റ ഉദ്യോഗസ്ഥ ക്യൂബയ്ക്ക് വേണ്ടി പണിയെടുക്കുന്നു എന്നത് തിരിച്ചറിയാൻ പിന്നെയും വൈകി. അങ്ങനെയിരിക്കെ എഫ്‌ബിഐയ്ക്ക് (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ചില നിർണായക വിവരങ്ങൾ ലഭിച്ചു. അവർ മൊണ്ടെസയെ നിരീക്ഷിക്കാൻ തുടങ്ങി. ആർക്കാണ് മൊണ്ടെസ് വിവരങ്ങൾ കൈമാറുന്നത് എന്ന് അവർക്ക് അറിയണമായിരുന്നു. അതിന് മൊണ്ടെസ് അവരുമായി കൂടിക്കാഴ്ച നടത്തുന്നത് കയ്യോടെ പിടിക്കാനായി കാത്തിരുന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണ ശേഷം അമേരിക്കൻ യുദ്ധവിമാനങ്ങളെ സംബന്ധിച്ചുള്ള ജോലിയ്ക്ക് മൊണ്ടെസയെ നിയോഗിച്ചിരുന്നു. എന്നാൽ അത് നടക്കുംമുമ്പെ 2001ൽ അന മൊണ്ടേസയെ പിടികൂടി അറസ്റ്റ് ചെയ്തു.

Also Read: പറന്നുയർന്ന് ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ്; ലക്ഷ്യങ്ങൾ ഇനിയും ബാക്കി

 

എന്തിനാണ് മൊണ്ടെസ് ക്യൂബൻ ചാരയായത്?

മൊണ്ടെസയുടെ ചാരവൃത്തി പണത്തിന് വേണ്ടി ആയിരുന്നില്ല. അത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായിരുന്നു. അമേരിക്കൻ വിദേശ നയത്തോടുള്ള കടുത്ത എതിർപ്പ്. നിർണായക വിവരങ്ങൾ ചോർത്തി നൽകിയിട്ടും അവർ നയാപൈസപോലും കൈപ്പറ്റിയില്ല. അത്യാവശ്യം ചില ചെലവുകൾക്കുള്ള പണം മാത്രമാണ് അവർ വാങ്ങിയത്. ജീവിത സാഹചര്യങ്ങളാണ് മൊണ്ടെസയിൽ പ്രത്യേകതരം ഐഡിയോളജി വളർത്തിയതെന്ന് അവരെക്കുറിച്ച് ദി വാഷിങ്‌ടൺ പോസ്റ്റിലെ ഒരു ലേഖനത്തിൽ പറയുന്നു. മൊണ്ടെസയുടെ പിതാവ് കുട്ടികളെ മർദിക്കുന്ന ആധിപത്യം കാണിക്കുന്ന ഒരു പിതാവായിരുന്നു. അതുമൂലം ആധിപത്യ നിലപാടുകളെ അവർ വെറുത്തിരുന്നു. ഭരണാധിപത്യത്തിനെതിരായ നിലപാടുകൾ അവരിൽ രൂപപ്പെട്ടത് അങ്ങനെയെന്ന് ലേഖനത്തിൽ പറയുന്നു. അധികാരം പ്രയോഗിക്കുന്നവരോടുള്ള അസഹിഷ്ണുത, സ്വേച്ഛാധിപത്യ വ്യക്തികളോടുള്ള വൈരാഗ്യം, ചെറിയ ശക്തികളോടുള്ള അനുഭാവം ഒക്കെയാണ് മൊണ്ടേസയെ ക്യൂബൻ ചാരവനിതയാക്കിയത്. 

അമേരിക്കൻ ഗവൺമെന്റ് ഉദ്യോഗസ്ഥരായിരുന്നു മൊണ്ടെസയുടെ കുടുംബം. അച്ഛൻ മിലിട്ടറി ഡോക്ടർ. സഹോദരൻ ടിറ്റോയും സഹോദരി ലൂസിയും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഉദ്യോഗസ്ഥർ. അന മൊണ്ടെസയുടെ ചെയ്തികളിൽ ഏറെ ദുഃഖിതരായിരുന്നു കുടുംബം. 25 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അന, നല്ല നടപ്പ് കണക്കിലെടുത്ത് 20 വർഷത്തിന് ശേഷം മോചിതയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News