സ്വീഡന്‍: ഒരു വര്‍ഷത്തിന് ശേഷം താന്‍ സ്‌കൂളിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചതായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് (Greta Thunberg) ....
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക നിലയില്‍ പ്രശസ്തയാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി ആഗോള തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സ്‌കൂള്‍ പോലും ഉപേക്ഷിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ പെണ്‍കുട്ടിയാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്.
"സ്‌കൂളില്‍ നിന്ന് മാറി നില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഞാന്‍ സ്‌കൂളിലേക്ക് തിരിച്ചുപോകുന്നു. എനിക്ക് ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു", ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ അത്ര ചെറിയ പ്രശ്‌നമായി കാണരുത് എന്നും ലോകത്തിന്‍റെ ഭാവി തന്നെ ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യമുന്നയിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന ഒരു 16 കാരി തന്‍റെ ഒറ്റയാള്‍ പോരാട്ടം ആരംഭിക്കുന്നത്.
അതേസമയം, ആദ്യമാദ്യം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഗ്രേറ്റയുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ പിന്നീട് ഏറ്റെടുത്തത് വിദ്യാര്‍ഥികളാണ്. ഗ്രേറ്റയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി വിദ്യാര്‍ഥികള്‍ അവള്‍ക്കൊപ്പം ചേര്‍ന്നു.
Also read: ലോകശ്രദ്ധനേടി ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെ കാലാവസ്ഥാ ഉച്ചകോടിയിലെ പ്രസംഗം
ഇന്ന് ലോകം മുഴുവന്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തിരിക്കുകയാണ് ഗ്രേറ്റയുടെ കാലാവസ്ഥാ വ്യതിയാന പ്രതിഷേധം.
എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂള്‍ ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചായിരുന്നു ഗ്രേറ്റയുടെ സമരത്തിന് തുടക്കം. 2018 ല്‍ തുടങ്ങിയതാണ് ഈ ഒറ്റയാള്‍ പോരാട്ടം.
നിരവധി തടസ്സങ്ങള്‍ ഉണ്ടായി എങ്കിലും അതിനെയെല്ലാം ഗ്രേറ്റ അതിജീവിച്ചായിരുന്നു ഗ്രേറ്റയുടെ പ്രതിഷേധം.
ഇതിനിടയില്‍ ഗ്രേറ്റയെ നോര്‍മല്‍ അല്ലെന്നും അസ്പര്‍ഗേഴ്‌സ് സിന്‍ഡ്രോം എന്ന ഓട്ടിസവുമായി ബന്ധപ്പെട്ട അസുഖം ഉണ്ടെന്നും പറഞ്ഞ് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു ഒരു വിഭാഗമെത്തി. എന്നാല്‍ ഗ്രേറ്റയുടെ മറുപടി ഇങ്ങനെയായിരുന്നു: എനിക്ക് അസ്‌പെര്‍ഗേഴ്‌സ് ഉണ്ട്. അതിനര്‍ഥം ചില സമയങ്ങളില്‍ ഞാന്‍ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമാണ് എന്നാണ്. വ്യത്യസ്തമാവുക എന്നത് ഒരു സൂപ്പര്‍ പവറാണ്.
ഗ്രേറ്റ 2018ലെ യു.എന്‍ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സില്‍ അഭിസംബോധനചെയ്ത് സംസാരിച്ചു. 2019 ജൂണില്‍ ഗ്രേറ്റയെ തേടി ആംനെസ്റ്റി പുരസ്‌കാരമെത്തി. ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്.
ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്കൊപ്പം ഗ്രേറ്റ ഉച്ചകോടിയെ അഭിസംബോധനചെയ്തിരുന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരിക്കും, മുതിര്‍ന്നവര്‍ ഞങ്ങളെ കേള്‍ക്കുന്നതു വരെ എന്ന പ്രതിജ്ഞയുമായാണ് ഗ്രേറ്റയും കൂട്ടരും ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നത്.
ഉച്ചകോടിക്ക് മുന്നോടിയായി സെപ്റ്റംബര്‍ 20 ന് ലോകമൊട്ടുക്ക് നടന്ന സമരത്തില്‍ 40 ലക്ഷം കുട്ടികളാണ് പഠിപ്പു മുടക്കി തെരുവിലിറങ്ങിയത്. 139 രാജ്യങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.