ജനീവ: നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരിയോൺ ബയോടെക് എന്ന കമ്പനി നിർമ്മിച്ച രണ്ട് കഫ് സിറപ്പുകൾ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചു. മരിയോൺ ബയോടെക് നിർമ്മിക്കുന്ന "നിലവാരമില്ലാത്ത മെഡിക്കൽ ഉൽപ്പന്നങ്ങൾ, ഗുണമേന്മ മാനദണ്ഡങ്ങളോ സവിശേഷതകളോ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഉൽപ്പന്നങ്ങളാണ്", അവ ഉപയോഗിക്കരുതെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.
"ആംബ്രോണോൾ സിറപ്പ്, DOK-1 മാക്സ് സിറപ്പ് എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ രണ്ട് ഉത്പന്നങ്ങൾ. രണ്ട് ഉത്പന്നങ്ങളുടേയും നിർമാതാക്കൾ ഇന്ത്യയിലെ ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. നിലവിൽ ഇതുവരെ മരിയോൺ ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മരുന്നുകളുടെ സുരക്ഷയെക്കുറിച്ചോ ഗുണമേന്മയെ കുറിച്ചോ യാതൊരു ഉറപ്പും നൽകിയിട്ടില്ല." ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.
Two cough syrups made by India's Marion Biotech should not be used for children, after the products were linked to 19 deaths in Uzbekistan: World Health Organization (WHO) pic.twitter.com/RfxAs1Usr1
— ANI (@ANI) January 11, 2023
കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനിൽ കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിനെതിരെ അന്വേഷണം നടക്കുകയാണ്. ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര നിയന്ത്രണ ലബോറട്ടറികൾ നടത്തിയ പരിശോധനയിൽ രണ്ട് മരുന്നുകളിലും സ്വീകാര്യമായ അളവിനേക്കാൾ അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ / എഥിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
"ഈ അലേർട്ടിൽ പരാമർശിച്ചിരിക്കുന്ന നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ലെന്നും അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളിൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ കാരണമായേക്കാം" എന്നും യുഎൻ ആരോഗ്യ ഏജൻസി കൂട്ടിച്ചേർത്തു. ഡിസംബർ 22ന് മരിയോൺ ബയോടെക് കമ്പനി നിർമ്മിച്ച മരുന്നുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോപിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം സസ്പെൻഡ് ചെയ്തിരുന്നു.
മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ മരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് സസ്പെൻഡ് ചെയ്തായും അവർ രേഖകൾ നൽകാത്തതിനെ സംബന്ധിച്ച് സംസ്ഥാന ലൈസൻസിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഗൗതം ബുദ്ധ നഗർ ഡ്രഗ് ഇൻസ്പെക്ടർ വൈഭവ് ബബ്ബർ പറഞ്ഞു. കഫ് സിറപ്പ് ഡോക് 1 മാക്‌സിൽ വിഷാംശം ഉണ്ടെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത് നോയിഡ ആസ്ഥാനമായുള്ള ഫാർമ കമ്പനിയുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...