ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ പതിമൂന്നാം മത്സരത്തിന് മുംബൈ സിറ്റി എഫ്സിക്കെതിരെ ഇറങ്ങും. രണ്ടാം സ്ഥാനക്കാരായ എംസിഎഫ്സിയെ മുംബൈയിലെ അവരുടെ തട്ടകത്തിൽ വെച്ചാണ് മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. സീസണിൽ ഇരുവരും ആദ്യം നേർക്കുനേരെയെത്തിയപ്പോൾ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. ആ തോൽവിക്ക് മറുപടി നൽകാനാണ് ഇവാൻ വുകോമാനോവിച്ചിന്റെ മഞ്ഞപ്പട ഇന്ന് മുംബൈ ഫുട്ബോൾ അരീനയിൽ ഇറങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സ് മത്സരം.
സീസണിൽ തങ്ങൾ ആദ്യം നേരിട്ട ബ്ലാസ്റ്റേഴ്സല്ല ഇപ്പോഴുള്ളതെന്ന് വ്യക്തമായ ധാരണ തങ്ങൾക്കുണ്ടെന്ന് ഡെസ് ബക്കിങ്ഹാം മത്സരത്തിന് മുന്നോടിയായിട്ടുള്ള അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സീസണിൽ ആദ്യ മത്സരത്തിന് ശേഷം നേരിട്ട മൂന്ന് തോൽവികൾക്ക് പിന്നാലെ എട്ട് മത്സരങ്ങളിലായി ഇവാന്റെ കൊമ്പന്മാർ അപരാജിത നീക്കം തുടരുകയാണ്. ഗോൾ അടിക്കുന്നതിൽ ഉപരി എതിരാളികളെ കൊണ്ട് ഗോൾ അടിപ്പിക്കാതെ ഇരിക്കാനുള്ള തന്ത്രമാണ് ഇവാൻ ഇപ്പോൾ പയറ്റുന്നത്. അതോടൊപ്പം പ്രധാന ടീമുകളെയും അവരുടെ താരങ്ങളെയും കണക്കിലെടുത്താണ് ഇവാൻ തന്റെ പടയെ ഒരുക്കുന്നത്.
ALSO READ : മെസിയുടെ ശബ്ദവും അനുകരിച്ച് മഹേഷ്; അതും സ്പാനിഷിൽ; ചരിത്രമെന്ന് ആരാധകർ
മുംബൈ, ബ്ലാസ്റ്റേഴ്സിന്റേത് എന്ന് പറയാൻ സാധിക്കില്ല അതിലും മേലെയാണ് ഫോം തുടരുന്നതെന്ന് നിസംശയം പറയാം. ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് മുംബൈ ഇന്ന് ബ്ലാസ്റ്റേഴ്സിന് മുന്നിലേക്കെത്തുന്നത്. കൂടാതെ ഏത് ഘട്ടത്തിലും ഗോൾ അടിക്കാൻ സാധിക്കുമെന്ന് മുന്നേറ്റ നിരയും മുംബൈക്കുണ്ട്. അതിനുള്ള ഉദ്ദാഹരണങ്ങളാണ് കേരളത്തിന്റെ മുൻ ഗോൾ സ്കോറർ പെരേര ഡയസും ലാലിൻസുവാല ചാങ്തെയും ബിപിൻ സിങ്ങും. മൂവരും ചേർന്ന് ഇതിനോടകം 18 ഗോളുകളാണ് എംസിഎഫ്സിക്കായി നേടിട്ടുള്ളത്.
കഴിഞ്ഞ കളിയിലെ സസ്പെൻഷന് ശേഷം തിരികെ യുക്രൈനിയൻ താരം ഇവാൻ കലൂഷ്നി എത്തുമ്പോൾ അഡ്രിയാൻ ലൂണയ്ക്ക് മേലുള്ള സമ്മർദ്ദം അൽപം കുറയ്ക്കാൻ സാധിക്കും. നാല് മഞ്ഞക്കാർഡുകൾ നേടിയ ഫുൾബാക്ക് താരം സന്ദീപ് സിങ്ങിന്റെ അഭാവം വുകോമാനോവിച്ച് അൽപം തലവേദന സൃഷ്ടിച്ചേക്കും. പകരം ഖബ്രയ്ക്ക് ചുമതല കോച്ച് ഏൽപ്പിക്കും. ഫോ തിരികെയെടുത്ത ക്യാപ്റ്റൻ ജെസ്സെൽ കാർണേരോ തന്നെയാകും ഇടത് വിങ്ങിൽ ബൂട്ട് അണിയുക. ജയം നേടിയാൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ കയറ്റം ഉണ്ടായില്ലെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കുള്ള പോയിന്റ് വ്യത്യാസം മഞ്ഞപ്പടയ്ക്ക് കുറയ്ക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...