IPL 2023: കുതിപ്പ് തുടരാൻ ചെന്നൈ, കിതപ്പ് മാറ്റാൻ ഹൈദരാബാദ്; ചെപ്പോക്കിൽ ഇന്ന് വാശിക്കളി

CSK vs SRH predicted 11: പോയിൻറ് പട്ടികയിൽ 9-ാം സ്ഥാനത്തുള്ള ഹൈദരാബാദിന് ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലുമാകില്ല. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 12:20 PM IST
  • എം.എ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • 18 തവണയാണ് ചെന്നൈയും ഹൈദരാബാദും ഏറ്റുമുട്ടിയത്.
  • 13 തവണയും ജയം ചെന്നൈയ്ക്ക് ഒപ്പമായിരുന്നു.
IPL 2023: കുതിപ്പ് തുടരാൻ ചെന്നൈ, കിതപ്പ് മാറ്റാൻ ഹൈദരാബാദ്; ചെപ്പോക്കിൽ ഇന്ന് വാശിക്കളി

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്തതിൻറെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. എന്നാൽ, മുംബൈ ഇന്ത്യൻസിനോട് പരാജയം ഏറ്റുവാങ്ങിയാണ് ഹൈദരാബാദ് എത്തുന്നത്. ചെന്നൈയുടെ ഹോം ഗ്രൌണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ നാലിൽ തുടരാൻ ഇന്നത്തെ മത്സരത്തിൽ ജയിച്ചേ തീരൂ. കാരണം, അഞ്ച് ടീമുകൾ ഇതിനോടകം 6 പോയിൻറുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഹൈദരാബാദിനെതിരെ വലിയ മാർജിനിൽ വിജയിക്കാനായാൽ ചെന്നൈയ്ക്ക് ലക്നൌ സൂപ്പർ ജയൻറ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം. അതേസമയം, പോയിൻറ് പട്ടികയിൽ 9-ാം സ്ഥാനത്തുള്ള ഹൈദരാബാദിന് നില മെച്ചപ്പെടുത്താൻ ഇന്ന് വിജയിച്ചേ തീരൂ. 

ALSO READ: അടിച്ചെടുത്ത് കോഹ്ലിയും ഡുപ്ലസിയും, എറിഞ്ഞിട്ട് സിറാജ്; പഞ്ചാബിനെ മുട്ടുകുത്തിച്ച് ആർസിബി

ഇരുടീമുകളുടെയും പോരാട്ട ചരിത്രം പരിശോധിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്സിന് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 18 തവണയാണ് ചെന്നൈയും ഹൈദരാബാദും ഏറ്റുമുട്ടിയത്. ഇതിൽ 13 തവണയും ജയം ചെന്നൈയ്ക്ക് ഒപ്പമായിരുന്നു. ഇന്നത്തെ മത്സരത്തിൽ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സീസണിൻറെ തുടക്കത്തിൽ ധോണിയുടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ഇതിൽ നിന്ന് താരം പൂർണമായി മുക്തനായിട്ടില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇംപാക്ട് പ്ലെയറായാകും ധോണി കളത്തിലിറങ്ങുക. 

ഋതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, ശിവം ദുബെ, എം.എസ് ധോണി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, മൊയീൻ അലി തുടങ്ങിയവരിലാണ് ചെന്നൈയുടെ പ്രതീക്ഷ. മറുഭാഗത്ത്, എയ്ഡൻ മാർക്രം, ഹാരി ബ്രൂക്ക്, ഹെൻറിച്ച് ക്ലാസൻ, ടി നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ പ്രകടനം ഹൈദരാബാദിന് നിർണായകമാകും. 

സാധ്യതാ ടീം

ചെന്നൈ സൂപ്പർ കിംഗ്സ്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം.എസ് ധോണി (C&WK), മതീഷ പതിരണ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ.

സൺറൈസേഴ്സ് ഹൈദരാബാദ്: മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, എയ്ഡൻ മാർക്രം (C), അഭിഷേക് ശർമ്മ, ഹെൻറിച്ച് ക്ലാസൻ (WK), വാഷിംഗ്ടൺ സുന്ദർ/ഉമ്രാൻ മാലിക്, മായങ്ക് മാർക്കണ്ഡെ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, ടി നടരാജൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News