IPL 2018: വെടിക്കെട്ടില്‍ തകര്‍ന്ന് ചെന്നൈ

  

Last Updated : May 4, 2018, 10:38 AM IST
IPL 2018: വെടിക്കെട്ടില്‍ തകര്‍ന്ന് ചെന്നൈ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 17.4 ഓവറില്‍ ലക്ഷ്യം കണ്ടു. 

അര്‍ദ്ധ സെഞ്ചുറി നേടിയ യുവതാരം ശുഭ്മാന്‍ ഗില്ലും നായകന്‍റെ ഇന്നിംഗ്സ് കാഴ്ച്ചവെച്ച ദിനേശ് കാര്‍ത്തികുമാണ് കൊല്‍ക്കത്തയ്ക്ക് അഞ്ചാം വിജയമൊരുക്കിയത്. കളിയിലെ താരമായ സുനില്‍ നരെയ്ന്‍റെ ഓള്‍റൗണ്ട് പ്രകടനം കൊല്‍ക്കത്തയ്ക്ക് കരുത്തായി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നായകന്‍ എംഎസ് ധോണിയുടെ വെടിക്കെട്ടാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ വാട്സണും ഡുപ്ലസിസും ചെന്നൈയ്ക്ക് മികച്ച തുടക്കം നല്‍കി. ഡുപ്ലസിസ് 27 റണ്‍സെടുത്തും വാട്സണ്‍ 36 റണ്‍സുമായും പുറത്തായി. റെയ്ന (31), റായുഡു(21), ജഡേജ(12) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. കൊല്‍ക്കത്തയ്ക്കായി സ്‌പിന്നര്‍മാരായ നരെയ്നും ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ എന്‍ഗിഡിയുടെ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്സുമായി ലിന്‍ തുടങ്ങി. എന്നാല്‍ ആറാം പന്തില്‍ ലിന്നിനെ സ്ലിപ്പില്‍ വാട്സണിന്‍റെ കൈകളിലെത്തിച്ച് എന്‍ഗിഡി തിരിച്ചടിച്ചു. മലയാളി താരം ആസിഫ് എറിഞ്ഞ രണ്ടാം ഓവറില്‍ ചെന്നൈയുടെ പേരുകേട്ട ഫീല്‍ഡര്‍ ജഡേജ നരെയ്നെ രണ്ട് തവണ വിട്ടുകളഞ്ഞതിന് കനത്ത വിലനല്‍കേണ്ടിവന്നു. ആറ് റണ്‍സ് മാത്രമെടുത്ത് ഉത്തപ്പ പുറത്തായെങ്കിലും അടിതുടര്‍ന്ന നരെയ്ന്‍ 32 റണ്‍സെടുത്തു.

നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച ഗില്ലും റാണയ്ക്ക് പകരമെത്തിയ റിങ്കു സിംഗും പതുക്കെയാണ് തുടങ്ങിയത്. 16 റണ്‍സെടുത്ത റിങ്കു സിംഗിനെ ഭാജി ബൗള്‍ഡ് ആക്കിയത് കൊല്‍ക്കത്തയെ ബാധിച്ചില്ല. ഗില്‍ അടി തുടങ്ങിയതോടെ കൊല്‍ക്കത്ത വിജയലക്ഷ്യം കുറച്ചു. ആസിഫ് എറിഞ്ഞ 15 മത്തെ ഓവറില്‍ മൂന്ന് സിക്സടക്കം പിറന്നത് 21 റണ്‍സ്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ജഡേജയെ സിംഗിളെടുത്ത് ഗില്‍ ഐപിഎല്ലിലെ ആദ്യ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഗില്ലിന് പിന്നാലെ കാര്‍ത്തിക് കത്തിക്കയറിയതോടെ കൊല്‍ക്കത്ത അനായാസം ജയത്തിലെത്തി.

Trending News