തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ മുഖേന നൽകുന്ന അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക 1300 രൂപയായി വര്‍ദ്ധിപ്പിച്ചു. പെന്‍ഷന് അര്‍ഹതയ്ക്കുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു.
നിലവില്‍ ഇരുപതിനായിരം രൂപയായിരുന്നു വരുമാന പരിധി. വരുമാനപരിധി ഉയര്‍ത്തുന്നതോടെ കൂടുതല്‍ കായികതാരങ്ങള്‍ പെന്‍ഷന് അര്‍ഹത നേടും.70 വയസ്സിനു മേല്‍ 1100 രൂപ, 60 മുതല്‍ 70 വരെ 850 രൂപ, 55 മുതല്‍ 60 വരെ 600 രൂപ എന്ന ക്രമത്തിലാണ് നിലവില്‍ പെൻഷൻ നല്‍കിയിരുന്നത്.
55 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിലവിലെ നിരക്ക് തുടരും. പുതിയ പെൻഷനുള്ള അർഹതാ മാനദണ്ഡത്തിൽ അപേക്ഷകന്റെ പ്രായം 60 വയസ്സിൽ കുറയരുതെന്ന് നിശ്‌ചയിക്കാൻ തീരുമാനിച്ചു.അവശ കായിക പെൻഷൻ വാങ്ങുന്നവർ മറ്റു സാമൂഹ്യപെൻഷനുകൾ കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ ഡി ബി ടി (ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ) വഴി ആധാർബന്ധിതമായി വിതരണം നടത്താനും നിശ്‌ചയിച്ചു. സ്‌പോട്‌സ് കൗൺസിൽ തുടർനടപടികൾ സ്വീകരിക്കും.
പെന്ഷന് പുതിയ അപേക്ഷകൾ ക്ഷണിക്കാനും കൂടുതല്‍പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനും നടപടി സ്വീകരിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു. ഇതിനായി, പെന്‍ഷന്‍ കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...