ശരീരത്തിലുടനീളം ചുവന്നതും തക്കാളിയോട് സാമ്യമുള്ളതുമായ ചുണങ്ങുകളും കുമിളകളും പ്രത്യക്ഷപ്പെടുന്നതിനാലാണ് ഈ വൈറൽ രോഗത്തെ തക്കാളിപ്പനി എന്ന് വിളിക്കുന്നത്.
പകർച്ചവ്യാധിയാണെങ്കിലും, തക്കാളിപ്പനി അപകടകരമല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. രോഗം ബാധിച്ചവർക്ക് ചൊറിച്ചിൽ, നിർജ്ജലീകരണം, പനി എന്നിവ അനുഭവപ്പെടുന്നു.
അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് തക്കാളിപ്പനി വരാനുള്ള സാധ്യത കൂടുതലാണെന്ന് കരുതപ്പെടുന്നു. രോഗം ബാധിച്ച കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവ അനുഭവപ്പെടും.
കേരളത്തിലെ കൊല്ലം ജില്ലയിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ 80 തക്കാളിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തക്കാളിപ്പനി അപകടകാരിയല്ലെങ്കിലും കൃത്യമായ ചികിത്സയില്ലെങ്കിൽ രോഗം വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടണം. രോഗം ബാധിച്ച കുട്ടികൾ ധാരാളം ശുദ്ധീകരിച്ച വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.
ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.