മഴക്കാലത്ത് രോഗപ്രതിരോധശേഷി വളരെ കുറയാൻ സാധ്യതയുണ്ട്. അതിനാൽ വിവിധ തരത്തിലുള്ള രോഗങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
മഴക്കാലത്ത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ദഹനം, വയറുസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് ഇഞ്ചി.
മഞ്ഞളിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ സ്വഭാവമുള്ളതാണ്. മഞ്ഞൾ പാനീയങ്ങളിൽ ചേർത്ത് കഴിക്കുന്നത് വിവിധ തരത്തിലുള്ള അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും.
മഴക്കാലത്തും മഞ്ഞുകാലത്തും പ്രതിരോധശേഷി വർധിപ്പിക്കാൻ വെളുത്തുള്ളിയും തേനും നല്ലതാണ്. വെളുത്തുള്ളിയും തേനും ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വെളുത്തുള്ളി അല്ലി ചതച്ച് വെള്ളം ചേർത്ത് മൂന്ന് മുതൽ നാല് മിനിറ്റ് വരെ തിളപ്പിച്ച് ഒരു ടീസ്പൂൺ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
തേനും കറുവപ്പട്ടയും ചേർത്ത് കഴിക്കുന്നത് മലബന്ധം തടയാനും അലർജിയെ ചെറുക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. തേനും കറുവപ്പട്ടയും ചേർത്ത മിശ്രിതം രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സാധിക്കും.
ചായയിൽ ഔഷധസസ്യങ്ങളും മസാലകളും ചേർക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഗ്രാമ്പൂ, ഏലം, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സമ്പൂർണ്ണ മിശ്രിതമായതിനാൽ മസാല ചായയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.