സംവിധായകനും നടനുമായ സിദ്ധിഖിന്റെ വിയോഗ വാർത്തയുടെ വേദനയിലാണ് മലയാള സിനിമ. കഴിഞ്ഞ ദിവസം രാത്രിയാണ് സിദ്ദിഖിന്റെ മരണ വിവരം പുറത്തുവന്നത്. ഹൃദയാഘാതത്തെ തുടര്ന്ന് കൊച്ചി അമൃത ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
Director siddique hit movies: എന്നെന്നും ഓർത്ത് ചിരിക്കാനും ചിന്തിക്കാനും സാധിക്കുന്ന ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ശേഷമാണ് സിദ്ദിഖ് യാത്രയാകുന്നത്. അത്തരത്തിൽ സിദ്ദിഖ്-ലാൽ കോംബോയുടെയും സിദ്ദിഖിന്റെ മാത്രം സംവിധാനത്തിലും പുറത്തിറങ്ങിയ ചില ജനപ്രിയ ചിത്രങ്ങളിതാ..
റാംജി റാവു സ്പീക്കിംഗ് - മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നാണ് റാംജി റാവു സ്പീക്കിംഗ്. 1990-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, മുകേഷ്, അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമെന്ന സവിശേഷതയുമുണ്ട്.
ഇൻ ഹരിഹർ നഗർ - ഒരുപറ്റം യുവാക്കളുടെ കുസൃതികളും അവർ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം മനോഹരമായി വരച്ചുകാട്ടിയ ചിത്രമാണ് ഇൻ ഹരിഹർ നഗർ. അയൽപ്പക്കത്ത് താമസിക്കാനെത്തുന്ന മായ എന്ന പെൺകുട്ടിയെ ആകർഷിക്കാൻ ശ്രമിക്കുന്ന നാല് യുവാക്കളെ ചുറ്റിപ്പറ്റിയാണ് സിനിമ. 1990-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, മുകേഷ്, അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് ഗോപിയും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഗോഡ്ഫാദർ - പരസ്പരം കലഹിക്കുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കഥ പറഞ്ഞ ചിത്രമാണ് ഗോഡ്ഫാദർ. സിദ്ദിഖ്-ലാൽ കോംബോയിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ 400 ദിവസത്തിലധികം ഓടിയിടിരുന്നു. 1992-ൽ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചു.
കാബൂളിവാല - നഷ്ടപ്പെട്ട ബ്യൂഗിൾ തേടി ഒരു സർക്കസിന്റെ സെറ്റിൽ എത്തുന്ന യുവാവിന്റെ കഥ മനോഹരമായി പറഞ്ഞ ചിത്രമാണ് കാബൂളിവാല. 1994ൽ തിയേറ്ററുകളിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. കോമഡിയ്ക്കൊപ്പം വൈകാരികതയ്ക്കും പ്രാധാന്യം നൽകിയ ചിത്രമായിരുന്നു കാബൂളിവാല.
വിയറ്റ്നാം കോളനി - "ഇതല്ല, ഇതിനപ്പുറം ചാടി കടന്നവനാണീ കെ കെ ജോസഫ്!" എന്ന ഡയലോഗ് മതി വിയറ്റ്നാം കോളനി എന്ന സിനിമ മലയാളികളുടെ മനസിലേയ്ക്ക് എത്താൻ. മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഫ്രണ്ട്സ് - സിദ്ദിഖ് - ലാൽ കോംബോ വഴിപിരിഞ്ഞ ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത സിനിമയാണ് ഫ്രണ്ട്സ്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഹൃത്തുക്കൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളും ആത്മബന്ധവുമെല്ലാം നർമ്മം ചാലിച്ചാണ് സിദ്ദിഖ് അവതരിപ്പിച്ചത്. സിദ്ദിഖിന്റെ സോളോ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ചിത്രം 1999-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും മാറി.
ഭാസ്കർ ദ റാസ്ക്കൽ - മമ്മൂട്ടിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ഭാസ്കർ ദ റാസ്ക്കൽ'. ഈ ചിത്രം വാണിജ്യ വിജയമായി മാറുകയും തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു.
ബോഡിഗാർഡ് - സിദ്ദിഖും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു 'ബോഡിഗാർഡ്'. ഒരു ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ബോളിവുഡ്. റൊമാൻസ്, ആക്ഷൻ, കോമഡി എന്നിവ ഒരുമിപ്പിച്ച് ഒരുക്കിയ ചിത്രം മികച്ച വിജയം നേടി. പിന്നീട് ഈ ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാൻ നായകനായ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് സിദ്ദിഖ് തന്നെയാണ്.