ഹൃദ്രോഗങ്ങളും ഹൃദയാഘാതവും ഈയിടെയായി വർധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ചിട്ടയായ വ്യായാമം ശീലിക്കുകയും ചെയ്യുന്നവർക്ക് പോലും ഇന്ന് ഹൃദ്രോഗം ബാധിക്കുന്നതായി കാണപ്പെടുന്നുണ്ട്.
ഉയർന്ന കൊളസ്ട്രോളിൻറെ അളവാണ് ഹൃദ്രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്നതിൽ ഒരു പ്രധാന കാരണം. ഉയർന്ന കൊളസ്ട്രോൾ, രക്തക്കുഴലുകളിൽ ഫാറ്റ് ഡിപ്പോസിറ്റുകൾ വികസിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ധമനികളിലൂടെയുള്ള രക്തപ്രവാഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് വിവിധ ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്നു. സാധാരണയായി, ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിൻറെ അളവ് ഇരുന്നൂറിനുള്ളിൽ ആയിരിക്കണം. ശാരീരിക ഘടന, ലിംഗഭേദം മുതലായവയെ ആശ്രയിച്ച് ഈ അളവിൽ ചെറിയ വ്യത്യാസം ഉണ്ടാകാം. എങ്കിലും ശരാശരി ഇരുന്നൂറിനുള്ളിലുള്ള കൊളസ്ട്രോൾ അളവാണ് ആരോഗ്യകരം എന്ന് കണക്കാക്കപ്പെടുന്നു.
ഉയർന്ന കൊളസ്ട്രോൾ ജനിതകപരമായി ഉണ്ടാകാം. നിങ്ങളുടെ രക്ത ബന്ധത്തിൽപ്പെട്ട വ്യക്തികളിൽ ഉയർന്ന കൊളസ്‌ട്രോളിൻറെ ചരിത്രമുണ്ടെങ്കിൽ, അത് നിങ്ങളിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണമാകും. വ്യായാമക്കുറവ്, പുകവലി തുടങ്ങിയ ചില ജീവിതശൈലി ഘടകങ്ങളും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാൻ കാരണമാകുന്നു.
ഫാമിലി ഹൈപ്പർ കൊളസ്ട്രോളീമിയയും അപൂർവ സന്ദർഭങ്ങളിൽ ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ഈ ജനിതക വൈകല്യം നിങ്ങളുടെ ശരീരത്തെ എൽഡിഎൽ നീക്കം ചെയ്യുന്നതിൽ നിന്ന് തടയുന്നു.
പ്രമേഹം, ഹൈപ്പോതൈറോയിഡിസം എന്നിവ പോലുള്ള മറ്റ് ആരോഗ്യ അവസ്ഥകളും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിനും അനുബന്ധ സങ്കീർണതകൾ ഉണ്ടാകുന്നതിനും ഉള്ള അപകടസാധ്യത വർധിപ്പിക്കുന്നു.