Viral Video: അമ്മ കുഞ്ഞിനെ മറന്നു, വിമാനം തിരിച്ചിറക്കി പൈലറ്റ്

ലാന്‍ഡിംഗിനായി അനുവാദം വാങ്ങുന്ന പൈലറ്റിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്‌. 

Last Updated : Mar 12, 2019, 06:18 PM IST
 Viral  Video: അമ്മ കുഞ്ഞിനെ മറന്നു, വിമാനം തിരിച്ചിറക്കി പൈലറ്റ്

ജിദ്ദ: വിമാനത്തില്‍ കുഞ്ഞിനെ മറന്നു വെച്ച അമ്മയെ സഹായിക്കാനായി വിമാന൦ തിരിച്ചിറക്കി പൈലറ്റ്‌. സൗദിയിലെ കി൦ഗ് അബ്ദുള്‍ അസിസ് ഇന്‍റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി 832 വിമാനത്തിലാണ് സംഭവം. 

ജിദ്ദയില്‍ നിന്ന് കോലാലമ്പൂരിലേക്കുള്ളതായിരുന്നു വിമാനം. വിമാനം റണ്‍വേയില്‍ നിന്ന് പറന്നു തുടങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ കാത്തിരുപ്പ് കേന്ദ്രത്തില്‍ തന്‍റെ കുഞ്ഞിനെ മറന്ന കാര്യം യുവതി ഓര്‍മിക്കുന്നത്. 

തുടര്‍ന്ന് വിമാനജീവനക്കാരോട് യാത്രക്കാരി കു‍ഞ്ഞിനെ മറന്നകാര്യം പറയുകയായിരുന്നു. തുടർന്നാണ് പൈലറ്റ് സമയോചിതമായി ഇടപെടൽ നടത്തിയത്.  

ലാന്‍ഡിംഗിനായി അനുവാദം വാങ്ങുന്ന പൈലറ്റിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്‌. ഞങ്ങള്‍ക്ക് തിരിച്ചു വരാമോ...എന്ന് ചോദിച്ചുകൊണ്ടാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ലാന്‍ഡിംഗ് അനുമതി തേടുന്നത്. 

"ഈ വിമാനം അടിയന്തിരമായി തിരിച്ചിറങ്ങുന്നതിനായി അപേക്ഷിക്കുകയാണ്. ഒരു യാത്രക്കാരി തന്‍റെ കുഞ്ഞിനെ കാത്തിരിപ്പു കേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിക്കുമോ?" -എന്നായിരുന്നു പൈലറ്റ്  ആവശ്യപ്പെട്ടത്.

തിരിച്ചിറങ്ങുന്നതിന് അനുവാദം തേടിയതിന്‍റെ കാരണം ഒന്നുകൂടി ഉറപ്പിച്ചതിന് ശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് വിമാനത്തിന് തിരികെയിറങ്ങാന്‍ എയര്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ അനുമതി നല്‍കിയത്.  

ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീര്‍ത്തും പുതിയ അനുഭവമാണ് ഞങ്ങള്‍ക്ക് എന്നായിരുന്നു എയര്‍ ട്രാഫിക് ഓപ്പറേറ്റർ പൈലറ്റിന് നൽകിയ മറുപടി. 

ഒടുവില്‍ തിരിച്ചിറങ്ങിയ വിമാനത്തില്‍ നിന്ന് അമ്മയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. വിമാനം വീണ്ടും പുറപ്പെട്ടു. കാര്യങ്ങളെല്ലാം ശുഭം.

Trending News