ഹോളിവുഡിലെ മറ്റേത് സ്റ്റുഡിയോയെക്കാളും കൂടുതൽ വിജയം നേടാൻ മാർവൽ സ്റ്റുഡിയോസിനെ സഹായിച്ചത് അവരുടെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായ കഥാപാത്രങ്ങൾ കാരണമാണ്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പല സിനിമാ ഫ്രാഞ്ചൈസികളും യൂണിവേഴ്സുകളും ആരംഭിച്ചു. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെയും ഡി.സി യൂണിവേഴ്സിന്‍റെയും ഭാഗമായി തുടർച്ചയായി പുറത്ത് വരുന്ന സിനിമകൾ കാരണം ആരാധകർ പലർക്കും മടുത്ത് തുടങ്ങി എന്നാണ് ചില പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാൻഡം എന്ന ഒരു ആരാധക കൂട്ടായ്മയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇത് പ്രകാരം ആരാധകരിൽ ഭൂരിഭാഗം പേരും പുതുതായി റിലീസ് ചെയ്യുന്ന ഒരു ഡി.സി ചിത്രത്തേക്കാൾ മാർവൽ ചിത്രം കാണാൻ താല്പര്യപ്പെടുന്നുണ്ട്. എന്നാല്‍ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമല്ലാത്ത സ്റ്റാന്‍റ് അലോണ്‍ സൂപ്പർ ഹീറോ സിനിമകൾക്കാണ് ആരാധകർ കൂടുതൽ. സിനിമാ രംഗത്ത് തുടങ്ങി ഗെയിമിങ്ങിൽ വരെ നീണ്ട് നിൽക്കുന്ന ഏതാണ്ട് 5000 ആരാധകരിൽ നടത്തിയ പഠനമനുസരിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച് ആരാധകരെ നാല് വിഭാഗമായി തരം തിരിക്കാം. ഇതിൽ ഓരോ വിഭാഗത്തിൽപ്പെട്ടവരും സിനിമകൾ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്.
1. അഡ്വൊക്കേറ്റ്
ഒരു ഫ്രാഞ്ചൈസിയുടെ കടുത്ത ആരാധകരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇത്തരക്കാർ ഒരു മാർവൽ അല്ലെങ്കില്‍ ഡി.സി ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത ഉടൻ തന്നെ പോയി കണ്ടിരിക്കും. സൂപ്പർ ഹീറോ ചിത്രങ്ങൾ ഇത്തരക്കാരുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. സിനിമാറ്റിക് യൂണിവേഴിസിന്‍റെ ഭാഗമായി പുറത്തിങ്ങുന്ന ഒരു ചിത്രവും മിസ്സാവാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കും.
2. ഇന്‍റർനാഷണലിസ്റ്റ്
പ്രേക്ഷകരിൽ ഭൂരിഭാഗവും ഉൾപ്പെടുന്നത് ഈ വിഭാഗത്തിലാണ്. ഇത്തരക്കാർ സിനിമയുടെ റിവ്യൂ, മാർക്കറ്റിങ്ങ്, അണിയറ പ്രവർത്തകർ തുടങ്ങിയ കാര്യങ്ങൾ നോക്കിയ ശേഷം മാത്രം സിനിമ കാണുന്നവരാണ്. ഒരു സിനിമ റിലീസ് ആയി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരക്കാർ സിനിമ കാണാറുള്ളത്.
3. കൾച്ചറലിസ്റ്റ്
ഈ വിഭാഗം പ്രേക്ഷകർ റിലീസ് ആയ ചിത്രത്തിന് ആദ്യം പുറത്തുവരുന്ന റിവ്യൂസ് അനുസരിച്ചല്ല അവ കാണാറുള്ളത്. സിനിമ തീയറ്ററിൽ എത്തി അവയ്ക്ക് മൊത്തത്തിൽ ഉള്ള അഭിപ്രായങ്ങളും അവയുടെ കളക്ഷൻ ഫിഗേഴ്സും ശ്രദ്ധിച്ച ശേഷം മാത്രമേ ഇത്തരക്കാർ സിനിമയ്ക്ക് പോകാറുള്ളൂ. ഇവർ ഏതാണ്ട് ഒരു മാസത്തോളം സമയമെടുത്താണ് സിനിമ കാണാൻ പോകാറുള്ളത്.
4. ഫ്ലർട്ട്
ഏറ്റവും അവസാന വിഭാഗത്തിൽപ്പെടുന്നവരാണ് ഫ്ലർട്ട്സ്. ഇവർ സിനിമകൾക്ക് മികച്ച അഭിപ്രായങ്ങളും കളക്ഷനും ഉണ്ടെങ്കിൽപ്പോലും അവർക്ക് സമയം ഉണ്ടെങ്കിൽ മാത്രമേ അവ തീയറ്ററിൽച്ചെന്ന് കാണാറുള്ളൂ. ആരാധകർക്കിടയിലെ മടിയന്മാരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് പറയാം.
മേൽപ്പറഞ്ഞവയിൽ ആരാധകരിൽ ഏതാണ്ട് പകുതിയോളം പേർ ഉൾപ്പെട്ടിരിക്കുന്നത് കൾച്ചറലിസ്റ്റ്, ഫ്ലർട്ട് എന്നീ വിഭാഗങ്ങളിലാണ്. സിനിമയുടെ മാർക്കറ്റിങ്ങും അവയ്ക്കുണ്ടാവുന്ന റിവ്യൂസും സിനിമയുടെ പ്രകടത്തെ വലിയ രീതിയിൽ സ്വാധീനിക്കും എന്നതിന്‍റെ തെളിവാണ് ഇത്. 20% ഡി.സി ആരാധകരാണ് തുടർച്ചയായി പുറത്ത് വരുന്ന ഫ്രാഞ്ചൈസ് ചിത്രങ്ങൾ മടുത്ത് തുടങ്ങി എന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ മാർവൽ ആരാധകരിൽ ഇത് 36 % ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...