Aarattu Movie Review : മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച പുലിമുരുകൻ സിനിമയ്ക്ക് ശേഷം മോഹൻലാൽ ഒരു മാസ് കൊമേർഷ്യൽ ആക്ഷൻ ഹീറോ ആയി എത്തുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. സിനിമയുടെ ട്രെയ്ലറിൽ പറഞ്ഞത് പോലെ യാഥാർഥ്യം ബോധമെന്ന ചിന്ത മാറ്റിവെച്ചിട്ടാണ് മോഹൻലാലിന്റെ ആറാട്ട് കണ്ടതും നിരൂപണം ചിട്ടപ്പെടുത്തിയിരിക്കുന്നതും. ഈ നിരൂപണത്തിന്റെ പ്രധാന ലക്ഷ്യം ആറാട്ട് എന്ന വാണിജ്യ ചിത്രം എങ്ങനെ ആസ്വദിക്കണമെന്ന് അറിയിക്കുക മാത്രമാണ്.
നേരിട്ട് കഥയിലേക്ക്
പ്രത്യേകിച്ച് ഒരു കഥ ഈ സിനിമയ്ക്കില്ല. എന്നാൽ സന്ദർഭം ചിട്ടപ്പെടുത്തി അതിലേക്ക് ബാക്കി കാര്യങ്ങൾ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രം ചില ആവശ്യങ്ങൾക്കായി പാലക്കാടുള്ള ഒരു ഗ്രാമത്തിലേക്ക് എത്തുന്നതും അതിന് ശേഷം അവിടെ ഉണ്ടാകുന്ന ചില സന്ദർഭങ്ങളുമായി ചുറ്റിപ്പറ്റിയുമാണ് സിനിമയുടെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ ചിത്രങ്ങളിൽ കേട്ട് പഴകിച്ച അതേ കഥാസന്ദർഭങ്ങളാണ് ഈ സിനിമയിലുള്ളത്. ഉദയകൃഷ്ണ തന്നെ എഴുതിട്ടുള്ള മറ്റ് ചിത്രങ്ങളുമായി ബി ഉണ്ണികൃഷ്ണന്റെ സിനികളുമായും ചിലപ്പോൾ സാമ്യം തോന്നിയേക്കാം.
ALSO READ: Pushpa Movie Review | പുഷ്പയ്ക്ക് നിറം നൽകി അല്ലു അർജുൻ ഷോ ; ഫഹദും കൂടി ചേർന്നപ്പോൾ മണവും ലഭിച്ചു
കഥ പറച്ചിൽ
വലിയ സിനിമാറ്റിക് ഇടപെടൽ ഒന്നും കാണിക്കാതെ സാധാരണ രീതിയിൽ തന്നെയാണ് ചിത്രം ആരംഭിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപനിലൂടെ തന്നെയാണ് ആറാട്ടിന്റെ കഥ തുടങ്ങുന്നതും മുന്നോട്ട് പോകുന്നതും. കേന്ദ്ര കഥാപാത്രത്തിന് നല്ല താരപരിവേഷം നൽകികൊണ്ടുള്ള ഇൻട്രോ സീൻ, പഞ്ച് ഡയലോഗുകൾ, ഫൈറ്റ്, തമാശകൾ എന്നിവ സമം ചേർത്ത് ഒരു കൊമേർഷ്യൽ ചിത്രത്തിന് വേണ്ടിയുള്ള ചേരുവ ആറാട്ടിന് നൽകിട്ടുണ്ട്. എന്നാൽ കഥാഗതിക്ക് യാതൊരു ഗുണം ചെയ്യാത്ത ചില സന്ദർഭങ്ങളും കഥാപാത്രങ്ങളും സിനിമയിൽ എന്തിനാണെന്നുള്ള ഒരു ചോദ്യം ബാക്കി നിൽക്കുന്നു.
സങ്കേതികം
സിനിമയെ അൽപം പിന്നോട്ടടിക്കുന്നത് ഈ മേഖലയിലാണ്. മാസ് എന്റെർടേയ്നർ ചിത്രത്തിന് വേണ്ട ചേരുവകൾ എല്ലാം ഉണ്ടെങ്കിലും ആ പുലിമുരുകൻ പോലെ ഒരു എഫെക്ട് ആറാട്ടിൽ കിട്ടുന്നില്ല.
1. സംവിധാനം - ക്ലൈമാക്സിൽ സസ്പെൻസ് പോലെ ചില കാര്യങ്ങൾ ചിത്രത്തിലുണ്ടെങ്കിലും അത് ഒരിക്കലും പ്രേക്ഷകൻ ത്രസിപ്പിക്കുന്നില്ല. അനാവശ്യമായ ചില കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഗാനവും ഉൾപ്പെടുത്തി സിനിമയുടെ ഒഴുക്കിനെ തന്നെ ബാധിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. തിരക്കഥയിൽ എന്താണോ പറഞ്ഞിരിക്കന്നത് അത് ക്യാമറിയിൽ ഒപ്പിയെടുത്ത് വെച്ചിരിക്കുന്നു എന്നതിൽ ഉപരി മറ്റൊന്നും സംവിധായകന്റെ പക്ഷത്ത് നിന്നുണ്ടായിട്ടില്ല.
2. ക്യാമറ- സിനിമയുടെ പ്ലസ് പോയിന്റും മൈനസ് പോയിന്റും ഛായഗ്രഹണ മേഖല തന്നെയായിരുന്നു. ഒരു മാസ് സിനിമയ്ക്ക് വേണ്ട എല്ലാ ഷോട്ടുകളും ഛായഗ്രഹകൻ ഒപ്പിയെടുത്തിട്ടുണ്ട്. അതിന് വേണ്ടിയുള്ള ഷോട്ടുകൾ തിരഞ്ഞെടുത്തതും മികച്ചതായിരുന്നു. എന്നാൽ സിനിമ ഏത് വിഭാഗത്തിൽ പെടുന്നോ അതിന് ഒട്ടും യോചിക്കാത്ത പല ഷോട്ടുകളും സിനിയുടെ ഭംഗിയെ തന്നെ ഇല്ലാതാക്കി. ഉദ്ദാഹരണം വരിക്കാശ്ശേരി മനയിൽ എത്തുമ്പോൾ ഉള്ള ഒരു അനാവശ്യമായി ഡച്ച് ടിൾട്ടിലുള്ള ഒരു പാൻ ഷോട്ടുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് അറിയില്ല.
3. സംഘട്ടനം - ക്ലൈമാക്സ് ഒഴിച്ച് ബാക്കി എല്ലാ ഫൈറ്റ് സീനുകളും മികച്ചത് തന്നെയായിരുന്നു. എന്നാൽ ക്ലൈമാക്സിലെ ഇടുങ്ങിയ ഇടത്തുള്ള സംഘട്ടന രംഗങ്ങൾ കണ്ടിരിക്കുന്ന പ്രേക്ഷകനിൽ ആവേശം ജനിപ്പിക്കുന്നില്ല. പശ്ചാത്തല സംഗീതവുമായി യാതൊരു വിധത്തിലും ആ രംഗങ്ങൾ ഒത്തുചേർന്ന് പോകുന്നുമില്ല
എന്നാൽ സിനിമയുടെ പശ്ചത്തല സംഗീതം മികച്ച് തന്നെ നിൽക്കുന്നതാണ്. അനാവശ്യമായ മാസ് ശബ്ദങ്ങളോ കൈയ്യടിയോ വിസിലോ ഒന്നും ഉൾപ്പെടുത്താതെ നല്ല രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതും ചിത്രത്തിന്റെ മാസ് സവിശേഷതയെ ഒട്ടും കുറയ്ക്കാതെ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.
ALSO READ: Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്
താരങ്ങളുടെ പ്രകടനം
ഇതൊരു കംപ്ലീറ്റ് മോഹൻലാൽ ഷോയാണ്. അതിലുപരി ആരും തന്നെ സിനിമയിൽ ഉണ്ടോ എന്ന് പോലുമറിയില്ല. മോഹൻലാലിന്റെ തമാശകളും അതിനോടൊപ്പം നിൽക്കുന്ന മാസുമാണ് സിനിമയുടെ ആകർഷണം. എന്നാൽ ഇതെല്ലാം ഒരു നായകനിലേക്ക് മാത്രം കേന്ദ്രീകരിക്കുമ്പോൾ ആ നടന് നൽകുന്ന അമിതഭാരം ചിത്രത്തിൽ പ്രകടമാകുന്നുണ്ട്. മോഹൻലാലിനെ കൂടാതെ മികച്ചതും അൽപമെങ്കിലും സ്പേസ് കിട്ടയത് രണ്ട് പേർക്ക് മാത്രമെയുള്ളു. വിജയരാഘവന്റെ മത്തായി എന്ന കഥാപാത്രവും സിദ്ദിഖ് അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനുമാണ്.
രചന നാരയണൻകുട്ടി അവതരിപ്പിച്ച കൃഷി ഓഫീസർ കഥാപാത്രം പലപ്പോഴും കല്ലുകടിയായി തോന്നി. പിന്നീട് അവിടെ ഇവിടെയുമായി ചില കഥാപാത്രങ്ങൾ വരുന്നുണ്ടെങ്കിലും സിനിമ മുഴുവൻ നിറഞ്ഞ നിൽക്കുന്ന മോഹൻലാലിൽ അത് മറയുകയായിരുന്നു.
അപ്പോൾ സിനിമ?
ഇതൊരു പക്ക മാസ് കൊമേർഷ്യൽ ചിത്രമാണെങ്കിലും ഫാൻസിന് ഉപരി മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമോ എന്ന കാര്യത്തിൽ സംശയമാണ്. എന്നാൽ സിനിമ ഒരു രണ്ട് മണിക്കൂർ വിനോദമായി മാത്രം കാണുന്നവരെ ആറാട്ട് ഒരിക്കലും നിരാശപ്പെടുത്തില്ല. പക്ഷെ ഫാൻസിന്റെ ആരവവും കൈയ്യടിയും ഒന്നുമില്ലാതെ ഈ ചിത്രം ആസ്വദിക്കാൻ സാധിക്കില്ല എന്ന കാര്യം വാസ്തവമാണ്.
ALSO READ: Malik Movie Review : 'മാലിക്ക്' ഗോഡ് ഫാദർ എന്ന ടെക്സ്റ്റ് ബുക്കിലേക്ക് പുതുതായി ചേർക്കപ്പെട്ട ഭാഗം
സീ മലയാളം ന്യൂസ് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന വാണിജ്യ സിനിമയ്ക്ക് നൽകുന്ന റേറ്റിങ് - 2.5/5
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.