Nizar Mamukoya: എന്നെ സ്ക്രീനിൽ കാണാൻ ഒരു പൂതി തോന്നി...! പുതിയ സിനിമ വിശേഷങ്ങളുമായി നിസാർ മാമുക്കോയ

Nizar Mamukkoya Interview: മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കൂടുതൽ തിരിച്ചറിഞ്ഞതെന്നും, അതുകൊണ്ടുതന്നെ ഉപ്പയുടെ മരണത്തെ ഇപ്പോഴും അംഗീകരിക്കാൻ കുടുംബത്തിലാർക്കും സാധിച്ചിട്ടില്ല എന്നുമാണ് നിസാർ പറയുന്നത്. 

Written by - Ashli Rajan | Last Updated : Feb 15, 2024, 08:21 PM IST
  • സിനിമയിൽ അഭിനയിക്കണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാൽ എന്നെ ആരും അഭിനയിക്കാൻ വിളിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം.
  • കുട്ടിക്കാലത്തൊന്നും ഞാൻ അങ്ങനെ നാടകത്തിന്റേയോ സിനിമയുടേയോ പുറകേ പോകുന്ന ആളായിരുന്നില്ല. ആ സമയത്ത് ആ പ്രായത്തിന്റെ കളിയും ചിരിയുമൊക്കെ ആയി നടന്ന ഒരാളായിരുന്നു.
  • വീട്ടിൽ ഒരു സാധാരണ മനുഷ്യനാണ് ഉപ്പ. എനിക്ക് നാല് സഹോദരങ്ങളാണുള്ളത് എന്റെ ജീവിതത്തിൽ എന്നെ ഉപ്പ എപ്പോഴെങ്കിലും ചീത്ത പറഞ്ഞതോ അടിച്ചതോ ആയിട്ടുള്ള യാതൊരു ഓർമ്മകളും ഇല്ല.
Nizar Mamukoya: എന്നെ സ്ക്രീനിൽ കാണാൻ ഒരു പൂതി തോന്നി...! പുതിയ സിനിമ വിശേഷങ്ങളുമായി നിസാർ മാമുക്കോയ

വിടപറഞ്ഞാലും വിടാതെ പിന്തുടരുന്ന ഡയലോഗുകൾ.. അതും വെറും ഡയലോഗല്ല നല്ല അസ്സൽ തഗ്ഗുകൾ.. ചിരിയുടെ സുൽത്താനായ മാമുക്കോയ എന്ന നടൻ വിട പറഞ്ഞപ്പോൾ മലയാളികൾക്ക് നഷ്ടമായതും ഈ തഗ്ഗുകൾ തന്നെയാണ്. കോഴിക്കോടിന്റെ തനത് ഭാഷാശൈലി ഇത്രകണ്ട് സിനിമയിൽ പ്രയോജനപ്പെടുത്തിയ മറ്റൊരു നടൻ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ സിനിമയിൽ നമ്മെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ വീട്ടിലും നാട്ടിലും ഒരു സാധാരണ മനുഷ്യനായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ മകൻ നിസാർ മാമുക്കോയ.

മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കൂടുതൽ തിരിച്ചറിഞ്ഞതെന്നും, അതുകൊണ്ടുതന്നെ ഉപ്പയുടെ മരണത്തെ ഇപ്പോഴും അംഗീകരിക്കാൻ കുടുംബത്തിലാർക്കും സാധിച്ചിട്ടില്ല എന്നുമാണ് നിസാർ പറയുന്നത്. തന്റെ പുതിയ സിനിമ വിശേഷങ്ങളും ഉപ്പയുടെ ഓർമ്മകളും സീ മലയാളം ന്യൂസുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

എൽ എൽ ബി വിശേഷങ്ങൾ

ഉപ്പ ജീവിച്ചിരിക്കുന്ന സമയത്ത് ആണ് എന്നെ ഈ ചിത്രത്തിലേക്ക് ഈ സിനിമയുടെ സംവിധായകനായ എഎം സിദ്ദിക്ക് വിളിക്കുന്നത്. ഒരു നല്ല വേഷം ഉണ്ട് ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചു. പക്ഷേ ഇതുവരെ ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല ഞാൻ. ഫോട്ടോയ്ക്ക് പോലും പോസ്സ് ചെയ്യാൻ എനിക്കിഷ്ടമല്ല. ഭാര്യ പോലും ഫോട്ടോ എടുക്കാൻ വിളിച്ചാൽ എനിക്ക് മടിയാണ്. അതുകൊണ്ടുതന്നെ സിനിമയിൽ അഭിനയിക്കാൻ എന്ന് പറഞ്ഞപ്പോൾ ചെറിയ ടെൻഷൻ ഒക്കെ തോന്നി , അതുകൊണ്ട് വലിയ വേഷം ഒന്നും ചെയ്യാനുള്ള ധൈര്യം തോന്നിയില്ല എങ്കിലും ഒന്ന് തുടങ്ങാം എന്നൊരു മോഹം തോന്നിയിട്ടാണ് എൽഎൽബി സിനിമയ്ക്ക് ഒക്കെ പറയുന്നത്. പിന്നെ സ്ക്രീനിൽ എന്നെ കാണാൻ ഉള്ള ഒരു പൂതിയും  എനിക്കുണ്ടായിരുന്നു. ഉപ്പയോട് പറഞ്ഞപ്പോൾ ഉപ്പയും പറഞ്ഞു ഒന്ന് പോയി നോക്കെന്ന്. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. ഇനി സിനിമയിൽ സജീവമാകാനാണ് താല്പര്യം.

ഇതുവരെ സിനിമയിൽ വരണമെന്ന് തോന്നിയില്ല..?

സിനിമയിൽ അഭിനയിക്കണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാൽ എന്നെ ആരും അഭിനയിക്കാൻ വിളിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം. ഞാനാരോടും ചാൻസും ചോദിച്ചിരുന്നില്ല. ഉപ്പയും അങ്ങനെ തന്നെയാണ് ആരോടും അങ്ങോട്ട് അഭിനയിക്കാനായി ചാൻസ് ചോദിച്ചു പോയിട്ടില്ല. ഞാൻ കുറച്ചു കാലം ദുബായിലായിരുന്നു ബിസിനസും കാര്യങ്ങളും ഒക്കെ ആയിട്ട് മുന്നോട്ടുപോയി.

സിനിമാനടന്റെ മോനായകാലം

കുട്ടിക്കാലത്തൊന്നും ഞാൻ അങ്ങനെ നാടകത്തിന്റേയോ സിനിമയുടേയോ പുറകേ പോകുന്ന ആളായിരുന്നില്ല. ആ സമയത്ത് ആ പ്രായത്തിന്റെ കളിയും ചിരിയുമൊക്കെ ആയി നടന്ന ഒരാളായിരുന്നു. പത്താംക്ലാസിൽ പഠിക്കുന്ന കാലത്താണ് സിനിമയിൽ സജീവമായത്. എന്റെ ഒരു 15 വയസ്സ് ആയപ്പോഴാണ് ഞാൻ ശരിക്കും ഒരു സിനിമ നടന്റെ മോനായി മാറിയത്. പക്ഷേ എനിക്ക് സിനിമയിലേക്ക് എത്തണമെന്നുള്ള മോഹമുണ്ടായിരുന്നില്ല ബിസിനസും കാര്യങ്ങളുമായി നടന്നു.  ഇപ്പോൾ വയനാട്ടിൽ ഒരു റിസോർട്ട് ഒക്കെ നടത്തുന്നുണ്ട്.

വീട്ടിലെ മാമുക്കോയ

വീട്ടിൽ ഒരു സാധാരണ മനുഷ്യനാണ് ഉപ്പ. എനിക്ക് നാല് സഹോദരങ്ങളാണുള്ളത് എന്റെ ജീവിതത്തിൽ എന്നെ ഉപ്പ എപ്പോഴെങ്കിലും ചീത്ത പറഞ്ഞതോ അടിച്ചതോ ആയിട്ടുള്ള യാതൊരു ഓർമ്മകളും ഇല്ല.  അതൊക്കെ ഉമ്മ തന്നെയായിരുന്നു. ഞാൻ മൂത്ത മകൻ ആയതുകൊണ്ട് തന്നെ ഉപ്പയുമായി കൂടുതൽ കമ്പനിയായിരുന്നു. ഞാനും ഉപ്പയും ഒന്നിച്ചായിരുന്നു സിനിമയ്ക്ക് ഒക്കെ പോകാറുള്ളത്.

ഉപ്പയുടെ സൈക്കിളിന്റെ കാറ്റൂരിവിട്ട കുട്ടികൾ

 ഉപ്പ സിനിമയിൽ ഏകദേശം സജീവമായ ഒരു കാലത്തായിരുന്നു എന്റെ സ്കൂളിൽ നടന്ന ഒരു ചെറിയ പരിപാടി  ഉദ്ഘാടനം ചെയ്യാനായി വന്നത്. നടൻ ഒക്കെ ആയാലും ഉപ്പ എന്നും അദ്ദേഹത്തിനന്റേതായ രീതിയിലായിരുന്നു എപ്പോഴും ജീവിച്ചിരുന്നത്. അതുകൊണ്ട് സ്കൂളിലേക്ക് ഉദ്ഘാടകനായി വന്നത് ഒരു സൈക്കിളിൽ ആയിരുന്നു. പക്ഷേ അന്നേദിവസം തന്നെ വേറെ ആരോ അവിടെ കാറിൽ വന്നിട്ടുണ്ട്. അപ്പൊ കുട്ടികൾ വിചാരിച്ചു ഉപ്പ വന്നത് കാറിലാണെന്ന്. കുട്ടികളുടെ ചെറിയ മനസ്സല്ലേ... അവര് തമാശയ്ക്ക് അത് ഉപ്പയുടെ കാറാണ് കരുതിയിട്ട് കാറ്റൊക്കെ കുത്തിവിട്ടു.. അതിന്റെ സൈഡ് കൂടെ ഉപ്പ സൈക്കിളിൽ വന്നതും ഉദ്ഘാടനം ചെയ്ത് പോയതൊന്നും അവർ അറിഞ്ഞില്ല. അങ്ങനെ രസകരമായ ചില ഓർമ്മകൾ എനിക്കുണ്ട്.

മാമുക്കോയയുടെ മരണം സിനിമ ലോകം അവഗണിച്ചോ..?

ഉപ്പ മരിച്ച സമയത്ത് ഒരുപാട് പേര് വന്നിട്ടുണ്ട്. ചില നടന്മാർക്ക് എത്താൻ സാധിച്ചില്ല എന്നുള്ളത് സത്യമാണ്. എന്നുകരുതി അങ്ങനെ മനപ്പൂർവം ആരും വരാതിരുന്നതാണെന്ന് എനിക്ക് തോന്നുന്നില്ല ഓരോരുത്തർക്കും ഓരോ തിരക്കല്ലേ.. എന്ന് കരുതി ആരും പിന്നീട് വന്നിട്ടില്ല എന്നല്ല. മമ്മൂട്ടി അന്ന് അദ്ദേഹത്തിന്റെ ഉമ്മ മരിച്ചതിന്റെ വിഷമത്തിൽ ആയിട്ട് അങ്ങനെ പുറത്തോട്ടൊന്നും ഇറങ്ങാറില്ലായിരുന്നു. പക്ഷേ ഉപ്പ മരിച്ച സമയത്ത് തന്നെ ഞങ്ങളെയെല്ലാവരേയും ഫോണിൽ വിളിച്ചു കാര്യങ്ങൾ സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. മോഹൻലാൽ അതു പോലെ സ്ഥലത്തില്ലായിരുന്നു. നമുക്ക് പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം ആണെങ്കിൽ വരാൻ സാധിക്കില്ലല്ലോ.. 

ALSO READ: കരയാൻ പറഞ്ഞപ്പോൾ മനസ്സിലെത്തിയത് ഇൻ ഹരിഹർ ന​ഗറിലെ ആ സീനായിരുന്നു; പക്ഷെ ലിജോ ചേട്ടൻ പറഞ്ഞത്..

എന്നാൽ എല്ലാവരും അന്നെത്തിയില്ലെങ്കിലും പിന്നീട് വീട്ടിൽ ഞങ്ങളെയൊക്കെ വന്ന് കാണ്ടിരുന്നു. ദിലീപ്, ജയറാം, സുരേഷ് ഗോപി, മോഹൻലാൽ എല്ലാവരും വന്നിട്ടുണ്ട്. അന്നത്തെ ദിവസം എത്താൻ പറ്റാത്തതിൽ പല സാഹചര്യങ്ങളും കാരണങ്ങളും ഉണ്ടാവും എന്ന് വെച്ചിട്ട് അവർക്ക് ഉപ്പയോട് സ്നേഹമില്ലായിരുന്നു മനപ്പൂർവം അവഗണിച്ചു എന്നൊന്നും പറയാൻ കഴിയില്ല. നമ്മൾ ആളുകളുടെ സാഹചര്യം കൂടെ മനസ്സിലാക്കണ്ടേ.. പിന്നെ ഒരാൾ മരിക്കുമ്പോൾ വരുന്നതിലും പോകുന്നതിലും ഒന്നും വലിയ കാര്യമൊന്നുമില്ല. യഥാർത്ഥത്തിൽ അങ്ങനെ ഒരു വിവാദം ഉണ്ടാകേണ്ട കാര്യമില്ല എന്ന് ഞാൻ ആ സമയത്ത് തന്നെ പ്രതികരിച്ചതാണ്.

ബഷീറും ഉപ്പയും

വൈക്കം മുഹമ്മദ് ബഷീറും ഉപ്പയും ആയിട്ട് വലിയ ബന്ധമാണ്. ഇരുവരും ജീവിച്ചിരിക്കുന്ന കാലത്ത് അധികവും പരസ്പരം ഒന്നിച്ചുള്ള ഒരുപാട് സാഹചര്യങ്ങൾ ഉണ്ട്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ ഉണ്ടായിരുന്നത്. ഞാനാണ് പലപ്പോഴും അദ്ദേഹത്തെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോയത്. കോഴിക്കോടുള്ള നാഷണൽ ഹോസ്പിറ്റലിലായിരുന്നു അദ്ദേഹത്തിനെ ചികിത്സയ്ക്കായി കൊണ്ടുപോകാറുള്ളത്. ഒരു ദിവസം ഇതുപോലെ രാത്രിയിൽ ഞങ്ങളെ വിളിച്ചിട്ട് ബഷീർക്കായിക്ക് തീരെ സുഖമില്ല എന്ന് പറഞ്ഞു. അന്ന് അദ്ദേഹത്തിന് മാനസികമായും ചെറിയ പ്രശ്നങ്ങളുള്ള സമയമായിരുന്നു. 

വസ്ത്രം ഒന്നും അങ്ങനെ ധരിക്കില്ല അങ്ങനെ ഞാനും ഉപ്പയും കൂടെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി ചെന്നപ്പോൾ അദ്ദേഹം നഗ്നനായി ഇരിക്കുകയായിരുന്നു. ഉപ്പയാണ് ആദ്യം അകത്തേക്ക് കയറിയത്. ഇത് കണ്ടപ്പോൾ ഉപ്പ ബഷീർക്കായോട് പറഞ്ഞു മോനും ഉണ്ട് കൂടെയെന്ന്.. അദ്ദേഹം ചോദിച്ചു മോനും ഉള്ളതൊക്കെ അല്ലേ ഉള്ളൂ ഇത്.. എന്നായിരുന്നു അദ്ദേഹത്തിന്റെ  മറുപടി. പിന്നീട് ഞങ്ങൾ അദ്ദേഹത്തെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയി. വൈക്കം മുഹമ്മദ് ബഷീർ മരിച്ചതിനു ശേഷവും ഞങ്ങൾ അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധം തന്നെയാണ് ഇപ്പോഴും ഉള്ളത്.

പുതിയ സിനിമകൾ വരുന്നുണ്ട്

എൽഎൽബിക്ക് ശേഷം വീണ്ടും രണ്ടു സിനിമയിൽ കൂടി അവസരം ലഭിച്ചിട്ടുണ്ട് പക്ഷേ അതിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News