IFFK 2022: റഷ്യ- യുക്രൈൻ യുദ്ധത്തിന്‍റെ പൈശാചികതയുടെ നേർച്ചിത്രം; ക്ലോൺഡികെ റിവ്യൂ

2014 ജൂലൈ 17 നാണ് മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 17 നെ റഷ്യൻ സേന വെടിവച്ചിടുന്നത്. ഈ വിമാനം ചെന്ന് പതിക്കുന്നത് കിഴക്കൻ യുക്രൈൻ അതിർത്തിയിലാണ്

Written by - Ajay Sudha Biju | Edited by - M.Arun | Last Updated : Dec 14, 2022, 11:19 AM IST
  • ഇർക എന്ന പൂർണ ഗർഭിണിയായ യുവതി തന്‍റെ ഈ ഗ്രാമം വിട്ട് പോകാൻ വിസമ്മതിക്കുന്നു
  • ഇവരുടെ വീട് റഷ്യൻ ബോംബ് ആക്രമണത്തിൽ ഭാഗികമായി തകർന്ന നിലയിലാണ്
  • ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് ക്ലോൺഡികെ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ
IFFK 2022: റഷ്യ- യുക്രൈൻ യുദ്ധത്തിന്‍റെ പൈശാചികതയുടെ നേർച്ചിത്രം; ക്ലോൺഡികെ റിവ്യൂ

ഒരൊറ്റ ആക്ഷൻ രംഗങ്ങൾ പോലുമില്ലാതെ മനുഷ്യരുടെ ജീവിത യാതനകളിലൂടെ റഷ്യ യുക്രൈൻ യുദ്ധത്തിന്‍റെ ഭീകരാവസ്ഥ പ്രേക്ഷകരിലേക്കെത്തിച്ച യുക്രേനിയൻ ചിത്രമാണ് ക്ലോൺഡികെ.  യുദ്ധം കൊടുമ്പിരികൊണ്ട് നിൽക്കുന്ന ഇന്നത്തെ അവസ്ഥയില്‍ മാത്രമാണ് റഷ്യ - യുക്രൈൻ യുദ്ധം അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമാകുന്നത്.

എന്നാൽ വർഷങ്ങൾക്ക് മുൻപ് റഷ്യൻ അധിനിവേശം ആരംഭിച്ച കാലത്ത് യുക്രൈന്‍റെ അതിർത്തി ഗ്രാമങ്ങളിൽ അകപ്പെട്ട് പോയവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ലോക മാധ്യമങ്ങളിൽ അധികമൊന്നും ചർച്ചയാകാതെ പോയ ഈ വിഷയമാണ് ക്ലോൺഡികെ സംസാരിക്കുന്നത്. മര്യാന എർ ഗോർബച്ചെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്സാന ചെർക്കഷിന, സെർജി ഷാഡ്രിൻ, ഒലെഗ് ഷെർബിന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: IFFK 2022: പതിവിൽ നിന്നും വ്യത്യസ്തം, ആർച്ച് ലൈറ്റ് ജനങ്ങളിലേക്ക് തെളിയിച്ച് 27ആം ഐഎഫ്എഫ്‌കെയ്ക്ക് തുടക്കം

2014 ജൂലൈ 17 നാണ് മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 17 നെ റഷ്യൻ സേന വെടിവച്ചിടുന്നത്. ഈ വിമാനം ചെന്ന് പതിക്കുന്നത് കിഴക്കൻ യുക്രൈൻ അതിർത്തിയിലാണ്. ഇവിടെ ജീവിക്കുന്ന ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് ക്ലോൺഡികെ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സംഭവം നടക്കുന്ന സമയം ഈ ഗ്രാമം റഷ്യൻ മിലിറ്ററിയുടെയും വിഘടന വാദികളുടെയും നിയന്ത്രണത്തിലായിരുന്നു. ആ ഗ്രാമത്തിലെ ഭൂരിഭാഗം പേരും അവിടം വിട്ട് പാലായനം ചെയ്തുകഴിഞ്ഞു.

എന്നാൽ ഇർക എന്ന പൂർണ ഗർഭിണിയായ യുവതി തന്‍റെ ഈ ഗ്രാമം വിട്ട് പോകാൻ വിസമ്മതിക്കുന്നു. അവർക്കൊപ്പം ഭർത്താവ് ടോലിക്കും അനുജൻ യൂറിക്കും ഉണ്ട്. ഇവരുടെ വീട് റഷ്യൻ ബോംബ് ആക്രമണത്തിൽ ഭാഗികമായി തകർന്ന നിലയിലാണ്. വീടിന്‍റെ അവശേഷിക്കുന്ന ഭാഗത്ത് മലിനമായ ജലവും കുടിച്ച് പരിമിതമായ ഭക്ഷണവും കഴിച്ചാണ് ആ കുടുംബത്തിന്‍റെ താമസം. ഇർക്കയുടെ ഭർത്താവ് ടോലിക് റഷ്യൻ വിഘടനവാദികളെ പിൻതുണയ്ക്കുന്ന വ്യക്തിയാണ്.

അതേ സമയം സഹോദരൻ യൂറിക്കാകട്ടെ കടുത്ത യുക്രൈൻ ദേശീയവാദിയും. ഇരുവർക്കുമിടയിൽ വീട്ടിനുള്ളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇർക്ക കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.  യുദ്ധം ശക്തിപ്പെടുന്ന അവസ്ഥയിൽ അതിർത്തിയിൽ താമസിക്കുന്ന ആ കുടുംബം കടന്ന് പോകേണ്ടി വരുന്ന ദുരിതങ്ങൾ അതിന്‍റെ തീവ്രത പ്രേക്ഷകരിലേക്കെത്തുന്ന വിധത്തിൽ വളരെ നല്ല രീതിയിൽത്തന്നെ സംവിധായികയായ മര്യാന എർ ഗോർബച്ചെ അവതരിപ്പിച്ചിട്ടുണ്ട്.  

ചിത്രത്തിൽ എടുത്ത് പറയേണ്ടത് നായികാ കഥാപാത്രമായ ഇർക്കയുടെ വേഷം കൈകാര്യം ചെയ്ത ഒക്സാന ചെർക്കഷിനയുടെ പ്രകടനമാണ്. ഒൻപത് മാസം ഗർഭിണിയായ യുവതിയായുള്ള ഒക്സാനയുടെ അഭിനയം അവിസ്മരണീയമായായിരുന്നു. വയറിൽ ഒരു കിലോയോളം ഭാരമുള്ള സിലിക്കോൺ ദ്രാവകം നിറച്ച കൃത്രിമ വയർ കെട്ടിവച്ചായിരുന്നു ഒക്സാന ചിത്രത്തിലുടനീളം അഭിനയിച്ചത്.

ഇതുവരെ ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടില്ലാത്ത ഒക്സാന ചെർക്കഷിന ഗർഭിണിയായ ഒരു യുവതിയുടെ മാനറിസങ്ങൾ അങ്ങേയറ്റം മികച്ച രീതിയിൽ അവതരിപ്പിച്ചു. അതിൽത്തന്നെ എടുത്ത് പറയേണ്ടത് ചിത്രത്തിന്‍റെ ക്ലൈമാക്സിലെ പ്രകടനമാണ്. യുദ്ധം, യുക്രൈൻ മേഖലയിൽ സൃഷ്ടിച്ച ഭീകരാവസ്ഥ കാണുന്ന ഓരോ പ്രേക്ഷകരുടെയും മനസ്സിൽ തട്ടുന്ന വിധത്തിലാണ് സിനിമയിലെ ഓരോ സീനിലും ചിത്രീകരിച്ചിട്ടുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News