ആലപ്പുഴ: ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം ഒന്നാം സീസൺ ഫേയിം ഹിമാ ശങ്കരി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പേരിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ ജില്ലിയിലെ കായംകുളത്ത് പുരോഗമിക്കുകയാണ്.
നവാഗതരായ അജെയ്ഷ് സുധാകരൻ - മഹേഷ് മനോഹരൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെവന്ത് പാരഡൈസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വെച്ച് നടക്കുകയും ചെയ്തിരുന്നു.
സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ, അപൂർവരാഗം, ഇയോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെയും ശ്രദ്ധേയയായ ഹിമാ ശങ്കരി തിയറ്റർ ആർട്ടിസ്റ്റും കൂടിയാണ്. അനുജന് വേണ്ടി ജീവിതം ത്യജിച്ചു കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെ കഥയാണിത്. ഹിമാ ശങ്കരിയാണ് ചേച്ചിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കടലും കായലും ചേരുന്ന ഒറ്റ തിരിഞ്ഞ ഒരു പ്രദേശത്തിന്റെ പാശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന്. സമൂഹം ഒരു വ്യക്തിയോട് പുലർത്തുന്ന അവഗണനയും, അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസിക വ്യഥകാളിലൂടെയാണ് കഥ വികസിക്കന്നത്.
ലോകേഷ് അനുജൻ, ടോം കോട്ടയ്ക്കകം എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിൽ അതിഥി താരമായി എത്തുമെന്ന് അണിയറപ്രവർത്തകർ സൂചന നൽകി.
വിനോദ്. കെ. ശരവണൻ ഛായഗ്രഹണവും സുനിൽ. എം.കെ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.