നാളെയാണ് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന അവതാർ ദി വേ ഓഫ് വാട്ടറെന്ന ജെയിംസ് കാമറൂൺ ചിത്രം തീയറ്ററുകളിലെത്തുന്നത്. 2009 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം തീയറ്ററിൽ നിന്ന് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 2.9 ബില്ല്യൺ യു.എസ് ഡോളേഴ്സാണ് ഈ ചിത്രം കരസ്ഥമാക്കിയത്. അന്നുവരെ ആരും തന്നെ കണ്ടിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങിയ അവതാർ എല്ലാവർക്കും ഒരു അതിശയമായിരുന്നു. അതുകൊണ്ട് രണ്ടാം ഭാഗത്തിൽ ആദ്യ ഭാഗത്തെ കടത്തി വെട്ടുന്ന വി.എഫ്.എക്സ് രംഗങ്ങളിൽ കുറഞ്ഞതൊന്നും തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.
കേരളത്തിലും അവതാർ ദി വേ ഓഫ് വാട്ടർ റിലീസിന്‍റെ ഭാഗമായി വലിയ രീതിയിലുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. പാൻഡോറ എന്ന ഗ്രഹത്തിലെ വിസ്മയ കാഴ്ച്ചകൾ ഏറ്റവും മികച്ച തീയറ്ററിൽ നിന്ന് തന്നെ കാണണം എന്ന തീരുമാനത്തിലാണ് മലയാളികൾ. കണ്ണിന് മിഴിവേകുന്ന അവതാറിലെ ദൃശ്യഭംഗിയും സൗണ്ട് എഫക്ടും ഒട്ടും തന്നെ നഷ്ടപ്പെടാതെ അതിന്‍റെ പൂർണതയിൽത്തന്നെ പ്രേക്ഷകരിലേക്കെത്തിക്കാൻ തീയറ്ററുകളും സർവ്വ സന്നാഹത്തിലാണ്.
ALSO READ : 1001 Nunakal Movie Review നുണ, അതിന്മേൽ മറ്റൊരു നുണ, പിന്നീട് നുണകളുടെ ചീട്ടുകൊട്ടാരം; 1001 നുണകൾ റിവ്യൂ
കേരളത്തിലെ ഒട്ടുമിക്ക തീയറ്ററുകളും അവതാർ റിലീസിന് മുന്നോടിയായി പുനരുദ്ധാരണം ചെയ്തുകഴിഞ്ഞു. അവയിൽ ഏറ്റവും ശ്രദ്ധേയം തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തീയറ്ററാണ്. കേരളത്തിലെ ഏറ്റവും വലിയ തീയറ്ററുകളിലൊന്നായ ഏരീസ് പ്ലെക്സിലെ ഓഡി വൺ. വൻ മുതൽമുടക്കിൽ തീയറ്ററിലെ സ്ക്രീനും പ്രൊജക്ടറും സീറ്റുകളും ഉൾപ്പെടെ പുതുക്കി. ആധുനികമായ ബാർക്കോ എസ്.പി 4കെ - 55 പ്രൊജക്ടറാണ് ഏരീസ് പ്ലെക്സിൽ പുതുതായി സ്ഥാപിച്ചത്. ഐമാക്സ് തീയറ്റുകളിൽ മാത്രം കണ്ടുവരുന്ന സ്ട്രോങ്ങ് എം.ഡി.ഐ - എച്ച്.ജി.എ റിയാക്ട് 2.9 സ്ക്രീനാണ് അവതാറിന്‍റെ മിഴിവേകിയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ തീയറ്ററിലൊരുക്കിയത്.
കൊച്ചി ലുലു മാളിലെ പി.വി.ആർ സ്ക്രീനിൽ അവതാർ പ്രദർശിപ്പിക്കുന്നത് റിയൽ ഡി 3 ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗിച്ച് സിനിമ റിലീസിനൊരുങ്ങുന്നത്. ഇതിലൂടെ സാധാരണ ഉള്ളതിനേക്കാൾ മികച്ച 3ഡി അനുഭവം പ്രേക്ഷകർക്ക് ലഭിക്കുന്നു. കൊച്ചി ലുലു മാളിൽ ഈ വർഷം തുടക്കത്തിൽ കേരളത്തിലെ ആദ്യ 4ഡിഎക്സ് തീയറ്റർ പ്രവർത്തനമാരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം ലുലു മാളിലും 4ഡിഎക്സ് തീയറ്റർ പ്രേക്ഷകർക്കായി തുറന്നുകൊടുത്തു.
പാൻഡോറയിലൂടെ സിനിമയില കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രത്യേക അനുഭവം ഈ തീയറ്ററുകളിലൂടെ പ്രേക്ഷകർക്ക് ലഭിക്കും. കേരളത്തിലെ ആദ്യത്തെ സിനിമാ തീയറ്ററായ തൃശൂർ ജോസ് തീയറ്റർ അത്യാധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ചതിനു ശേഷം പ്രവർത്തനമാരംഭിക്കാനൊരുങ്ങുകയാണ്. 4k ക്രിസ്റ്റി സിപി 4330 ലേസര്‍ പ്രൊജക്ടറാണ് ജോസ് തീയറ്ററിൽ സജ്ജീകരിച്ചിട്ടുള്ളത്. 48 ചാനലുകളും അറുപത്തിനാല് സ്പീക്കറുകളുമുള്ള ജെബിഎല്‍ ഡോള്‍ബി അറ്റ്മോസ് ആണ് ശബ്ദസംവിധാനം. 30 ലക്ഷത്തിലധികം രൂപയാണ് ശബ്ദ സംവിധാനത്തിന് മാത്രം ചെലവഴിച്ചിട്ടുള്ളത്. 1.7 ഗെയിനോടുകൂടിയ ക്രിസ്റ്റി സില്‍വര്‍ സ്ക്രീന്‍ വഴിയാകും ദൃശ്യാനുഭവം. 3ഡി സിനിമകള്‍ക്കായി 'ഡെപ്ത്ത് ക്യൂ' ത്രീ ഡി സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്. അവതാർ ദി വേ ഓഫ് വാട്ടറാണ് ഇവിടെ ആദ്യം പ്രദർശനത്തിനെത്തുന്നത്.
ഇത്തരത്തിൽ കേരളത്തിലെ ഏതാണ്ട് ഒട്ടുമിക്ക തീയറ്ററുകളും വൻ സജ്ജീകരണങ്ങളോടെ അവതാർ ദി വേ ഓഫ് വാട്ടറിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാൽ കേരളത്തിലെ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന തിരുവനന്തപുരം ലുലു മാളിലെ ആദ്യ ഐമാക്സ് തീയറ്റർ നാളെ അവതാർ റിലീസിന്‍റെ ഭാഗമായി തുറക്കില്ല. തീയറ്ററിന്‍റെ നിർമ്മാണം പ്രതീക്ഷിച്ച വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം. തീയറ്ററിലെ അവസാന ഘട്ട മിനുക്കുപണികളാണ് നിലവിൽ നടക്കുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നാലും അവതാർ ദി വേ ഓഫ് വാട്ടർ ഐമാക്സ് സ്ക്രീനിൽ പുറത്തിറക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...