സിനിമ നിരൂപണം ചെയ്യുന്നതിന് മുമ്പ് അത് എങ്ങനെ നിർമിക്കുന്നുവെന്ന് നിരൂപകർ മനസ്സിലാക്കണമെന്ന് സംവിധായിക അഞ്ജലി മേനോൻ. സിനിമയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പഠിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് നിരൂപണം നടത്തേണ്ടെന്ന് അഞ്ജലി മേനോൻ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എഡിറ്റിങ്ങിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് സിനിമയ്ക്ക് ലാഗുണ്ടെന്ന് പറയുന്നത്, ഇത് നിരുത്തരവാദപരമായ ഒരു ശൈലിയാണെന്ന് സംവിധായിക തന്റെ അഭിമുഖത്തിലൂടെ അറിയിച്ചു. നേരത്തെ സിനിമകൾക്ക് മുകളിലുള്ള നിരൂപക വിമർശനങ്ങൾക്കെതിരെ നടൻ മോഹൻലാലും സംവിധായകരായ ലാൽ ജോസും റോഷൻ ആൻഡ്രൂസും രംഗത്തെത്തിയിരുന്നു.
"ഒരു സിനിമയ്ക്ക് ലാഗുണ്ടെന്ന് പറഞ്ഞ് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരാറുള്ളത്. ഇത്തരം അഭിപ്രായങ്ങൾ പറയുമ്പോൾ അവർ എഡിറ്റിങ്ങിനെ കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം. സംവിധായകർ അവരുടെ സിനിമയ്ക്ക് ഒരു ഒഴുക്ക് എങ്ങനെയാകണമെന്ന് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ, അതും സിനിമയുടെ പ്രമേയത്തെ കുറിച്ചും മനസ്സിലാക്കണം" അഞ്ജലി മേനോൻ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : എനിക്ക് എന്റെ നിയമവും എത്തിക്സും; ഇന്റർവ്യൂകളിലെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് വിൻസി അലോഷ്യസ്
അതേസമയം നേരത്തെ മാധ്യമങ്ങളിൽ നിരൂപണം തയ്യാറാക്കുന്നവർക്ക് അവരുടെ മേധാവികൾ ഒരു സിനിമ ഉടലെടുക്കുന്ന ഘട്ടങ്ങളെ കുറിച്ച് പഠിക്കാൻ വിടുമായിരുന്നുവെന്ന് സംവിധായിക തന്റെ അഭിമുഖത്തിൽ പറഞ്ഞു. അതിനായി മാധ്യമ സ്ഥാപനത്തിലെ മേധാവികൾ നിരൂപണം ചെയ്യുന്നവരെ രാജ് കപൂറിന്റെ സിനിമ സെറ്റിലേക്കും ഋഷികേശ് മുഖർജിയുടെ എഡിറ്റിങ് ലാബിലേക്കും പറഞ്ഞു വിടും. അവിടെ നിന്ന് സിനിമയുടെ ഘട്ടങ്ങളെ പഠിച്ച് മനസ്സിലാക്കിയതിന് ശേഷമാകും അവർ റിവ്യൂ ചെയ്യാറുള്ളതെന്നും അഞ്ജലി മേനോൻ പറഞ്ഞു.
"റിവ്യു ചെയ്യുന്ന സിനിമയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. സിനിമയെ കുറിച്ച് മനസ്സിലാക്കിയതിന് ശേഷം നിരൂപണം ചെയ്യുന്നത് എല്ലാവർക്കും ഗുണകരമാകും. ആ രിതീയിലുള്ള പഠനം വളരെ പ്രധാനപ്പെട്ടതാണ്" അഞ്ജലി മേനോൻ പറഞ്ഞു. എന്നാൽ സാങ്കേതികപരമായ മേഖലയിലുള്ള അഭിപ്രായങ്ങളെ താൻ സ്വാഗതം ചെയ്യുന്നു. സിനിമ നിരൂപണം വളരെ പ്രധാനപ്പെട്ടതാണെന്നും നിരൂപകരുടെ റിവ്യു വായിക്കാൻ തനിക്ക് ഇഷ്ടമാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
അഞ്ജലി മേനോൻ ഒരുക്കിയ വണ്ടർ വുമൺ എന്ന സിനിമ നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ നവംബർ 18ന് ചിത്രം റിലീസ് ചെയ്യും. പാർവതി തിരുവോത്ത്, നിത്യ മേനെൻ, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ് , അർച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയ താരനിരയാണ് അഞ്ജലിയുടെ ചിത്രത്തിൽ അണിനിരയ്ക്കുന്നത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ്, കൂടെ എന്നീ സിനിമകൾക്ക് ശേഷം അഞ്ജലി ഒരുക്കുന്ന ചിത്രമാണ് വണ്ടർ വുമൺ. അന്തോളജിയായിരുന്ന കേരള കഫെയിൽ അഞ്ജലി മേനോൻ ഹാപ്പി ജേർണി എന്ന സിനിമയും ഒരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...