THiruvananthapuram : സോളാർ അപകീർത്തി കേസിൽ പത്ത് ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക് നൽകണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. വിഎസ് അച്യുതാനന്ദൻ ജില്ല പ്രിൻസിപ്പൽ കോടതിയിലാണ് അപ്പീൽ നൽകിയിരിക്കുന്നത്. വിധിക്കെതിരെ മുമ്പ് തന്നെ വിഎസ് അച്യുതാനന്ദൻ രംഗത്തത്തിയിരുന്നു.
കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലാത്തതാണെന്ന് വിഎസ് അച്യുതാനന്ദൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സോളാർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ അച്യുതാനന്ദൻ പറഞ്ഞ കാര്യങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്. കേസിൽ വിഎസ് കോൺഗ്രസ് നേതാവിന് 10,10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടത്. കൂടാതെ ഇത്രയും നാളത്തെ പലിശ ആറ് ശതമാനം നിരക്കിൽ നൽകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിഎസിന്റെ ആരോപണത്തിനെതിരെ 2014ലാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുന്നത്. വക്കീൽ നോട്ടീസിൽ ആദ്യം ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് 10,10,000 രൂപ നഷ്ടപരിഹരമായി കുറയ്ക്കുകയായിരുന്നു.
എന്നാൽ അഭിമുഖത്തിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കുകയോ, തെളിയിക്കുകയോ ചെയ്തിട്ടില്ല. കേസിൽ ഉമ്മൻചാണ്ടിയുടെ പങ്കുതെളിയിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും പരിഗണിക്കാതെയാണ് ജനുവരി 22 ൽ നൽകിയ വിധിയെന്നാണ് വിഎസ് അച്യുതാനന്ദൻ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...