Oommen Chandy: മുഖ്യമന്ത്രിയുടെ നിലപാട് സംശയകരം, രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയെന്ന് ഉമ്മൻ ചാണ്ടി

പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 07:38 PM IST
  • കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നത്.
  • സംഭവ സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസ് കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്.
  • പോലീസ് നോക്കി നില്‍ക്കെയാണ് അക്രമം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
Oommen Chandy: മുഖ്യമന്ത്രിയുടെ നിലപാട് സംശയകരം, രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ ക്രിമിനലുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസ് കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പോലീസ് നോക്കി നില്‍ക്കെയാണ് അക്രമം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. 

എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സര്‍ക്കാരാണ്  വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണാക്കണമെന്ന് 2019ല്‍ ശുപാര്‍ശ ചെയ്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

Also Read: Rahul Gandhi Office Attack: വയാനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്‌ എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു

പരിസ്ഥിതി ലോല മേഖലകളിലെ ഉത്തരവിനെതിരെ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് നടത്തിയ മാർച്ചിലാണ് എസ്എഫ്ഐ പ്രവർത്തകർ വയനാട്ടിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ്‌ അടിച്ച് തകർത്തത്. മാർച്ച് കൽപ്പറ്റയിൽ പോലീസ് തടഞ്ഞെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. അതിന് ശേഷം ക്യാബിനിൽ തള്ളിക്കയറുകയും സ്റ്റാഫിനെ മർദ്ദിക്കുകയും ചെയ്തു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ എസ്എഫ്ഐയെ തള്ളി  സിപിഎം രംഗത്തെത്തി. അതേസമയം ആക്രമണം നടത്തിയവരെ പൂർണമായും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് റോഡ് ഉപരോധിക്കുകയാണ്.എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.  എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം.

VD Satheeshan: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അക്രമത്തിന് പോലീസിന്റെ മൗനാനുവാദവുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ് ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

വിമാനത്തില്‍ വച്ച് പ്രതിഷേധം, പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ്, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സതീശൻ ആരാഞ്ഞു. ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണെന്നും സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News