തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം ഓണാഘോഷങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍....
റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. കളക്ടര്‍മാരുടെ യോഗം ചേര്‍ന്ന് ഈ നിര്‍ദേശങ്ങള്‍ താഴെത്തട്ടിലേക്ക് കൈമാറണമെന്നും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു.
പൊതുഇടങ്ങളിലുള്ള ആഘോഷങ്ങളും കൂട്ടംകൂടിയുള്ള സദ്യ വട്ടങ്ങളും പ്രദര്‍ശന വ്യാപാരമേളകളും ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ഓഫീസുകളിലെ പൂക്കളങ്ങള്‍ ഒഴിവാക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ വാങ്ങരുത്. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന അതിതീവ്രമേഖലകള്‍ക്ക് പുറത്ത് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണി വരെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്താനായി സര്‍ക്കാര്‍ വ്യാപാരികളുമായി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചുവേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍. ഒരേസമയം കടകളില്‍ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം. കടയിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.
Also read: Onam: ഓണ വിപണി ഉണര്‍ന്നു, കടകള്‍ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം
എല്ലാ കടകളിലും സാനിറ്റൈസര്‍ സൂക്ഷിക്കണം. ഓണം വിപണിയില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താത്കാലികമായി പൊതുമാര്‍ക്കറ്റുകള്‍ സജ്ജീകരിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കണം. ഇതുറപ്പാക്കാന്‍ പരിശീലനം ലഭിച്ചവരുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.
ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചിരുന്നു.