തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു. ഒഡീഷയ്ക്കും ആന്ധ്രാ പ്രദേശിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നത്.
വടക്കൻ കേരളത്തിൽ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് താമരശേരിയിൽ കനത്ത കാറ്റിലും മഴയിലും രണ്ട് വീടുകൾ തകർന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് ഉയർത്തിയതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെയും മറ്റന്നാളും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 23-07-2023 രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
23-07-2023: വടക്കൻ ആന്ധ്ര തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
കേരള കർണാടക തീരം അതിനോട് ചേർന്ന അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്ക് കിഴക്കൻ മധ്യ- കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
24-07-2023: ആന്ധ്ര തീരം, മധ്യ - ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
കർണാടക തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ കേരള അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം, ശ്രീലങ്കൻ തീരത്തിന്റെ തെക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...