മലപ്പുറം: നാടെങ്ങും മന്ത്രി കെ.ടി ജലീലിന്‍റെ രാജിക്കായി പ്രതിഷേധം അരങ്ങേറുമ്പോള്‍ വസതിയില്‍നിന്നും മന്ത്രി കടന്നിരുന്നു... പിന്നാലെ മന്ത്രി ഒളിവില്‍ എന്ന് വാര്‍ത്തയും പരന്നു ....
എന്നാല്‍, മന്ത്രി കെ. ടി ജലീല്‍ എവിടെയായിരുന്നു എന്ന കാര്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്നത്.
മന്ത്രി വസതിയ്ക്ക് പുറത്തും തലസ്ഥാനത്തും കൂടാതെ വിവിധയിടങ്ങളിലും മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുമ്പോള്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകന്‍റെ കുട്ടിക്ക് ചോറൂണും പേരിടലും നടത്തുകയായിരുന്നു....!!
മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലായിരുന്നു 'ചോറൂണ്‍' ചടങ്ങ് നടന്നത്. അയല്‍പക്കത്തെ രഞ്ജിത് - ഷിബില ദമ്പതികളുടെ മകന്‍റെ ചോറൂണ് ചടങ്ങാണ് മന്ത്രി നടത്തിയത്. കത്തിച്ചുവെച്ച നിലവിളക്കിന് മുന്നിലിരുന്ന് കുഞ്ഞിനെ മടിയിലിരുത്തി ചോറു വായില്‍ വെച്ചു നല്‍കി മന്ത്രി ജലീല്‍... കുഞ്ഞിന് ആദം ഗുവേര എന്നു പേരുമിട്ടു.
വെള്ളിയാഴ്ച വൈകിട്ടാണു ചോദ്യം ചെയ്യലിന് ശേഷം മന്ത്രി വളാഞ്ചേരിയിലെ വീടായ 'ഗസലി'ല്‍ എത്തിയത്. ശനിയാഴ്ച രാവിലെ അയല്‍വാസിയായ രഞ്ജിത്തിന്‍റെ മകന്‍റെ ചോറൂണ്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു.
മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
കുട്ടിക്ക് ആദം ഗുവേരയെന്ന പേര് തിരഞ്ഞെടുത്തത് മന്ത്രി കെ ടി ജലീലാണെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. സജീവ സിപിഎം പ്രവര്‍ത്തകനാണ് രഞ്ജിത്ത്.
താന്‍ പിതൃതുല്യനായി കാണുന്ന വ്യക്തി കൂടിയാണ് മന്ത്രി കെ ടി ജലീലെന്നും മുന്‍പ് നടത്താന്‍ തീരുമാനിച്ച ചടങ്ങായിരുന്നു ഇതെന്നും രഞ്ജിത്ത് പറഞ്ഞു. മന്ത്രിയുടെ തിരക്ക് കാരണം ചടങ്ങ് നീണ്ട പോയതിനാല്‍ പിന്നീട് മന്ത്രിയുടെ വീട്ടില്‍ വെച്ചുതന്നെ നടത്തുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.
Also read: ശിവശങ്കരനും ജയരാജനും ബാധകമായ നിയമം ജലീലിനും ബാധകം: പി കെ കുഞ്ഞാലിക്കുട്ടി
നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഇ ഡി) മന്ത്രിയെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണു സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറിയത്.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തിയിരുന്നു.