തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് (Narcotic Jihad) വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭിന്നിപ്പിക്കാനുള്ള ശ്രമം മത മേലധ്യക്ഷൻമാരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടതുമുന്നണി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഘടക കക്ഷികൾക്ക് അവരവരുടെ അഭിപ്രായമുണ്ടാകുമെന്നും കാനം (Kanam Rajendran) വിശദീകരിച്ചു.
നാർക്കോട്ടിക് ജിഹാദെന്ന ബിഷപ്പിന്റെ പരാമർശത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ കാനം നിലവിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വിശദീകരിച്ചു. വിഭജിക്കാൻ ആഗ്രഹമുള്ളവർ മുതലെടുപ്പിന് ശ്രമിക്കുമെന്നും ബിജെപിയുടെ (BJP) നിലപാടിനെ കാനം കുറ്റപ്പെടുത്തി.
സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ വിമർശിച്ച പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായും കാനം വ്യക്തമാക്കി. സംസ്ഥാന കൗൺസിലിന്റെ തീരുമാനമാണ് താൻ പറഞ്ഞതെന്നാണ് കാനത്തിന്റെ വിശദീകരണം. ജനറൽ സെക്രട്ടറിക്ക് എതിരെ താൻ പരസ്യ നിലപാട് എടുത്തിട്ടില്ലെന്നും പാർട്ടി അച്ചടക്കം ആര് ലംഘിച്ചാലും തെറ്റ് തന്നെയാണെന്നും കാനം കൂട്ടിച്ചേർത്തു. ഇസ്മയിൽ കത്ത് അയച്ചതിനെ പറ്റി അറിയില്ലെന്ന് പറഞ്ഞ കാനം, പോസ്റ്റ് ഓഫീസ് ഉള്ളത് കത്ത് അയക്കാൻ ആണല്ലോയെന്നും പറഞ്ഞു.
നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പിനെ പിന്തുണച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നാർക്കോട്ടിക് ജിഹാദ് പരാമർശം സമൂഹത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...