പച്ചത്തേങ്ങ സംഭരണം: സംസ്ഥാനത്ത് സംഭരിച്ചത് 993 മെട്രിക് ടൺ നാളികേരം

കേരഫെഡും വി.എഫ്.പി.സി.കെ യും സംസ്ഥാന നാളികേര വികസന കോർപറേഷനും കൂടി 993 മെട്രിക് ടൺ പച്ചത്തേങ്ങ സംഭരിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 08:07 PM IST
  • രണ്ടു കോടി ഇരുപത്തിയേഴ് ലക്ഷത്തി അറുപതിനായിരം രൂപ വിതരണവും ചെയ്യാനും സാധിച്ചു
  • പച്ച തേങ്ങയുടെ വില നേരിട്ട് കര്‍ഷകന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്
പച്ചത്തേങ്ങ സംഭരണം: സംസ്ഥാനത്ത് സംഭരിച്ചത് 993 മെട്രിക് ടൺ നാളികേരം

തിരുവനന്തപുരം : സംസ്ഥാന കൃഷി വകുപ്പ്   പച്ചത്തേങ്ങ സംഭരണം ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കേരഫെഡും വി.എഫ്.പി.സി.കെ യും സംസ്ഥാന നാളികേര വികസന കോർപറേഷനും കൂടി 993 മെട്രിക് ടൺ പച്ചത്തേങ്ങ സംഭരിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. 2427 കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചതായും ഈ ഇനത്തിൽ രണ്ടു കോടി ഇരുപത്തിയേഴ് ലക്ഷത്തി അറുപതിനായിരം  രൂപ വിതരണവും ചെയ്യാനും സാധിച്ചതായി മന്ത്രി അറിയിച്ചു. 

കൊപ്രസംഭരണത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതി വിലയിരുത്തി നിലവിലെ മാനദണ്ഡങ്ങളിൽ ഇളവു വരുത്തണമെന്ന് പല പ്രാവശ്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ നടപ്പിലാകാതെ വന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്. വെളിച്ചെണ്ണ ഉത്പാദനത്തിന് താങ്ങുവിലയ്ക്ക് സംഘങ്ങൾക്ക് കൊപ്ര സംഭരിക്കാൻ കേന്ദ്രം അനുമതി നൽകാത്തതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. അപ്രായോഗിക നിബന്ധനകൾ വച്ച് കേന്ദ്ര സർക്കാർ കേരളത്തിലെ കൊപ്ര സംഭരണം അട്ടിമറിക്കുകയാണെന്നും ഇത് കർഷക വിരുദ്ധ നടപടിയാണെന്നും കൃഷി മന്ത്രി കൂട്ടി ചേർത്തു. 

കിലോഗ്രാമിന് 32 രൂപ നിരക്കില്‍ സംഭരിക്കുന്ന പച്ച തേങ്ങയുടെ വില നേരിട്ട് കര്‍ഷകന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കൃഷി വകുപ്പിന്റെ എയിംസ്  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്, കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം, പൊതിച്ച തേങ്ങ സംഭരണ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിക്കാവുന്നതാണ്. കര്‍ഷകര്‍ക്ക് സമയബന്ധിതമായി തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി ഡയറക്ടറേയും, കൃഷി വകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

കേരഫെഡിന്റെയും വി എഫ് പി സി കെ യുടെയും സംസ്ഥാന നാളികേര വികസന കോർപറേഷന്റെയും നേതൃത്വത്തിലുള്ള കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെയാണ്  പച്ച തേങ്ങ സംഭരണം ആരംഭിച്ചിട്ടുള്ളത്. സുതാര്യവും കാര്യക്ഷമവുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും, പദ്ധതിയുടെ ആനുകൂല്യം പരമാവധി കേരകർഷകർ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News