‘എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. അവളുടെ കത്തില്‍ നിന്നാണതു മനസിലായത്. അവള്‍ എഴുതിയിരിക്കുന്നു: വരുന്ന വ്യാഴാഴ്ചയാണ് പിറന്നാള്. രാവിലെ കുളിച്ചിട്ടേ വല്ലതും കഴിക്കാവൂ. വ്യാഴാഴ്ച പിറന്നാള് വരുന്നത് നല്ലതാണ്. ഞാന്‍ ശിവന്റമ്പലത്തില്‍ ധാരയും പണപ്പായസവും കഴിക്കുന്നുണ്ട്, അവിടെ അടുത്ത് അമ്പലമില്ലേ ഉണ്ടെങ്കിൽ കുളിച്ച് തൊഴണം
എംടി പിറന്നാൾ ആഘോഷിക്കാറില്ലത്രെ. എല്ലാ ദിവസവും കടന്നു പോകുന്ന പോലെ ആ ദിവസവും കടന്നു പോകും എന്നാണ് പിറന്നാളിനെ പറ്റി എംടി പറഞ്ഞത്. കൃത്യമായി പറഞ്ഞാൽ കർക്കിടകത്തിലെ ഉത്രട്ടാതി. ഇരുണ്ട് മൂടി മാനം പെയ്യുന്ന മഴക്കാലം. അന്നാണ് എംടി വാസുദേവൻ നായർ ജനിച്ചത്. മകന്റെ പിറന്നാളിന് കാവിൽ നേർന്ന പായസത്തിന് നാലിടങ്ങഴി നെല്ല് ചോദിച്ച അമ്മയെ അടിച്ച അമ്മാവനെ ഓർമിക്കുന്ന വരികളും കർക്കിടകമെന്ന പഞ്ഞ കാലത്തിൻറെ യാഥാർത്ഥ്യവുമെല്ലാം അതിലുണ്ട്- ഒരു പിറന്നാളിന്റെ ഓര്‍മ്മയിൽ എംടി പറഞ്ഞ് വെച്ചത് തൻറെ ജന്മദിനം കൂടിയായിരുന്നു.
ALSO READ: MT Vasudevan Nair Birthday: എഴുത്തിൽ വിസ്മയം തീർത്ത ആ 'രണ്ടക്ഷരം'; നവതി നിറവിൽ എം.ടി
എംടിയുടെ ജനനത്തിന് പിന്നിലും ഒരു കഥയുണ്ട്.എംടിയെ ഗർഭമായിരുന്ന സമയത്ത് അദ്ദേഹത്തിൻറെ അമ്മക്ക് പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പ്രസവം ഒഴിവാക്കണമെന്ന് വരെ വൈദ്യർ പറഞ്ഞുവത്രെ. എന്നാൽ അങ്ങിനെയൊന്നും ഉണ്ടായില്ല. ഞാൻ ജനിക്കേണ്ടവൻ തന്നെയായിരുന്നു എന്ന് എംടിയും പിൽക്കാലത്ത് അതിനെ പറ്റി പറഞ്ഞിട്ടുണ്ട്.
നാല് കെട്ടിലെ അപ്പുണ്ണിയെ പോലെ കാലത്തിലെ സേതുവിനെയും സുമിത്രയെയും പോലെ അസുരവിത്തിലെ ഗോവിന്ദൻകുട്ടിയെ പോലെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും കൺമുന്നിലെന്ന പോലെ വരച്ച് കാട്ടി തന്നിട്ടുണ്ട് എംടി. പകരം വെക്കാൻ പോലുമില്ലാത്ത എഴുത്തിൻറെ കാലാതിവർത്തനം.
പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും (തെണ്ട്യേത്ത് നാരായണൻ നായർ) കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിട്ടാണ് എംടിയുടെ ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു അദ്ദേഹത്തിൻറെ കുട്ടിക്കാലം. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു.സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ പറയുന്നുണ്ട്.
മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ പിന്നീട് ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി.തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.
ഒരു പക്ഷെ എംടി എന്ന എഴുത്തുകാരനെ പരുവപ്പെടുത്തി എടുത്തത് മാതൃഭൂമി ആയിരിക്കാം. മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻറെ നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഒരിക്കൽ മാധവിക്കുട്ടി ഇങ്ങനെ എഴുതി ഞാൻ കണ്ട കിനാവുകളിൽ പൂത്തുലഞ്ഞ പാരിജാതവും പവിഴ മല്ലിയും പുന്നയും എല്ലാം വാസുവിൻറെ സ്വപ്നങ്ങളിലും പൂക്കുന്നുണ്ടെന്ന് ഞാൻ ഊഹിക്കുന്നു.
ബാല്യകാലത്ത് ഞാൻ പുന്നയൂർക്കുളം എന്ന ഗ്രാമത്തിൽ അമ്മയുടെ കൂടെ താമസിച്ചിരുന്നപ്പോൾ ചെറിയ കുട്ടിയായ വാസുവും അവിടെ എവിടെയോ താമസിച്ചിരുന്നു. ഞാൻ കണ്ടിട്ടില്ല എന്നു മാത്രം. ഞങ്ങൾ ഒരമ്മ പെറ്റ മക്കളാണെന്ന് ചില നിമിഷങ്ങളിൽ എന്നിക്ക് തോന്നാറുണ്ട്. പുന്നയൂർക്കുളത്തു നിന്നാരംഭിക്കുന്ന ഒറ്റയടിപ്പതായിലൂടെ ഞാനിതുവരെ സഞ്ചരിച്ചു. മറ്റൊരു ഒറ്റയടിപ്പാത തനിക്കായി വാസുവും തിരഞ്ഞെടുത്തു. പിറന്നാളിൻറെ ഓര്‍മയിലെ കുട്ടിക്ക് തൻറെ പിറന്നാൾ ആരുമറിയരുതെന്നായിരുന്നു ആഗ്രഹം.എംടിക്കും അങ്ങിനെ തന്നെയാണ്. എങ്കിലും മലയാളത്തിൻറെ സുകൃതത്തിന് എഴുത്തിൻറെ പുണ്യത്തിന് ആയിരും നവതി ആശംസകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...