PSC Rank List കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 01:27 PM IST
  • പി എസ് സിയെ പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പിൽ എംഎൽഎ അഭിപ്രായപ്പെട്ടു
  • അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്കെതിരെ എന്തിനാണ് പി എസ് സി അപ്പീൽ പോയത്
  • സർക്കാർ ഉദ്യോ​ഗാർഥികളോട് പ്രതികാര നടപടി എടുക്കുകയാണ്
  • സർക്കാരിന് പിടിവാശിയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു
PSC Rank List കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിന്റെ (PSC Rank list) കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റിവച്ച പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും കൊവിഡ് തീവ്രത കുറഞ്ഞാൽ നടത്തും. ഇക്കാര്യങ്ങളൊന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണ്ടതില്ലെന്നും മുഖ്യമന്ത്രി (Chief minister) അഭിപ്രായപ്പെട്ടു.

പി എസ് സിയെ കരുവന്നൂർ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്നും അതിനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പിൽ എംഎൽഎ അഭിപ്രായപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്കെതിരെ എന്തിനാണ് പി എസ് സി അപ്പീൽ പോയത്. അതിന് എന്തിനാണ് സർക്കാർ പിന്തുണ നൽകുന്നത്. സർക്കാർ ഉദ്യോ​ഗാർഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സർക്കാരിന് പിടിവാശിയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ALSO READ: Kerala Assembly Ruckus Case : നിയമസഭാ കയ്യാങ്കളിക്കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്ലിക് പ്രസിക്യൂട്ടറെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയം. ഇതിനാവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്.

റിക്രൂട്ട്‌മെന്റ്, പിഎസ്‌സി പരീക്ഷ നടത്തിപ്പ്, റാങ്ക്‌ലിസ്റ്റ് തയ്യാറാക്കൽ, റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി, ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യൽ തുടങ്ങിയവ പി.എസ്.സി.യുടെ ഭരണഘടനാദത്തമായ അധികാര പരിധിയിലാണ്. ഇക്കാര്യങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസിജ്യുറിലാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിൽ ചട്ടം 13 ആണ് പി.എസ്.സി. റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി പരാമർശിക്കുന്നത്. സാധാരണ ഗതിയിൽ ഒരു പി.എസ്.സി. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. ഒരു വർഷത്തിനിടയിൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടില്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വർഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക്‌ലിസ്റ്റിന് കാലാവധിയുണ്ടാവും. ഈ വ്യവസ്ഥ യൂണിഫോമ്ഡ് ഫോർസിന് ബാധകമല്ല. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞവയാണ്.

കോവിഡ് വ്യാപനത്തെ (Covid 19) തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശിപാർശ നൽകുന്നതിനെയും ഇത് ബാധിക്കുന്നില്ല. കോവിഡ് സാഹചര്യത്തിൽ ഒഴിവുകൾ ഉണ്ടാകുന്ന കാര്യത്തിലോ, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിലോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 05.02.2021നും 03.08.2021-നുമിടയിൽ കാലാവധി പൂർത്തിയാകുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുമുണ്ട്.

ചട്ടം 13 പ്രകാരം റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി മൂന്നു വർഷത്തിലധികം നീട്ടുന്നതിന് ചില നിബന്ധനകളുണ്ട്:
1) നിയമനനിരോധനം നിലവിലുണ്ടായിരിക്കുക.
2) ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് നിയമനാധികാരികൾക്ക് നിയന്ത്രണമോ കാലതാമസമോ തടസ്സമോ ഉണ്ടായിരുന്ന അസാധാരണ സാഹചര്യം.
 
ഇത്തരം സാഹചര്യങ്ങളിൽ മാത്രമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ പി.എസ്.സി.യോട് ശുപാർശ ചെയ്യാറുള്ളത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തോ ഈ സർക്കാരിന്റെ കാലത്തോ പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന നിയമനാധികാരികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ എടുത്ത നിലപാട്. അതിനാൽ റാങ്ക് ലിസ്റ്റുകൾ വീണ്ടും നീട്ടാനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ല.  

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കും.

സീനിയോറിറ്റി തർക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകൾ എന്നിവ മൂലം റെഗുലർ പ്രൊമോഷനുകൾ തടസ്സപ്പെട്ട് എൻട്രി കേഡറിൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി തർക്കം നിലനിൽക്കുന്ന കേസുകളിൽ റെഗുലർ പ്രൊമോഷൻ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രിബ്യൂണലിൽ നിന്നും ഇടക്കാല ഉത്തരവുകൾ നൽകിയിട്ടുള്ള കേസുകളിൽ താൽക്കാലിക പ്രൊമോഷൻ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  ഒരു തസ്തികയിൽ പ്രൊമോഷൻ അനുവദിക്കുന്നതിന് ഒഴിവുകൾ നിലനിൽക്കുകയും എന്നാൽ പ്രൊമോഷൻ നൽകുന്നതിന് അർഹത/ യോഗ്യതയുള്ളവരുടെ അഭാവം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത തസ്തികകൾ  എൻട്രി കേഡറിലേക്ക് താൽക്കാലികമായി തരംതാഴ്ത്തി, ആ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: Kerala assembly ruckus case: മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ഓ​ഗസ്റ്റ് നാലിന് യുഡിഎഫ് ധർണ

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ (Chief secretary) മേൽനോട്ട ചുമതലയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതി 13.02.2021-ൽ രൂപീകരിച്ചിരുന്നു.

നിയമനങ്ങൾ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സർക്കാരിന്റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാൻ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുക എന്നുള്ളത് സർക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റുകളിൽ നിന്നും മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതിനാൽ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഉണ്ടാകുന്ന എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News