പാലക്കാട്: പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്ന് കിടക്കുന്ന പാലം പുനർ നിർമിക്കാൻ തീരുമാനം. പ്രളയത്തിൽ തകർന്ന പാലം ഉടൻ പുനർ നിർമിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. പാലം നിർമാണത്തിനായി 23 ലക്ഷം രൂപയുടെ നിർമാണ അനുമതി ലഭിച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു. വനം വകുപ്പിന്‍റെ ഫണ്ട് തികഞ്ഞില്ലെങ്കിൽ പാലം നിർമാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് തുക നൽകുമെന്ന് കെ.ബാബു എംഎൽഎ വ്യക്തമാക്കി. 2018ലെ പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കാത്തതിനെ തുടർന്ന് ആദിവാസി ഊര് ഒറ്റപ്പെട്ട നിലയിലാണ്.
കഴിഞ്ഞ ദിവസം പറമ്പിക്കുളം ഒറവമ്പാടി ഊരിൽ രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാൻ മുളമഞ്ചലിൽ ഏഴ് കിലോമീറ്റർ ചുമന്നത് വാർത്തയായിരുന്നു. ഏഴ് കിലോമീറ്റർ സഞ്ചരിച്ചാണ് രോഗിയായ സ്ത്രീയെ ജീപ്പിൽ കയറ്റാൻ സാധിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പാലം പുനർനിർമാണത്തിന്റെ നടപടികൾ വേഗത്തിലാക്കിയത്. പാലം നിർമാണത്തിനായി വനം വകുപ്പ് നൽകിയ അപേക്ഷയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. 30 കുടുംബങ്ങളാണ് ആദിവാസി ഊരിലുള്ളത്. പാലം നിർമിച്ചാൽ ദുരിതയാത്രയ്ക്ക് ഒരുപരിധി വരെയെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
പ്രളയത്തിൽ തകർന്ന പാലം പുനർനിർമ്മിച്ചില്ല; രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാൻ മുള മഞ്ചലിൽ ചുമന്നത് ഏഴ് കിലോമീറ്റർ
പാലക്കാട്: പറമ്പിക്കുളം ഒറവമ്പാടി ഊരിൽ രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാൻ മുളമഞ്ചലിൽ ഏഴ് കിലോമീറ്റർ ചുമന്ന് ഊരുകാർ. വീട്ടമ്മയെ ചുമന്നുകൊണ്ടുവന്ന ഊരുകാർക്ക് നേരെ ആക്രമിക്കാൻ ഒറ്റയാനും പാഞ്ഞടുത്തു. ഞായറാഴ്ച ഛർദിയെത്തുടർന്ന് ബോധരഹിതയായ മണി കാളിയപ്പനെയാണ് (48) ഏഴ് കിലോമീറ്റർ മഞ്ചലിൽ ചുമന്ന് സാഹസികമായി പുഴ കടത്തി ആശുപത്രിയിലെത്തിച്ചത്.
ഇവരെ ചുമന്ന് തേക്കടി അല്ലിമൂപ്പൻ കോളനിയിൽ എത്തിച്ചശേഷം ജീപ്പിൽ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2018ലെ പ്രളയത്തിലാണ് ചാലക്കുടിപ്പുഴയുടെ കൈവഴിയായ കുരിയാർകുറ്റി പുഴയിലെ കപ്പാർ പാലം തകർന്നത്. വാഹനങ്ങളൊന്നും ഊരിലേക്ക് എത്താത്തതിനാലാണ് രോഗിയെ മഞ്ചിലിൽ കെട്ടി ചുമക്കേണ്ടി വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...