കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം. കാസര്‍ഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിയ്ക്ക് പനി ബാധിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേയ്ക്ക് മടങ്ങി. അടുത്ത ദിവസം വീണ്ടും പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി. ഈ സമയം അശ്വതിയുടെ ആരോഗ്യനില വഷളായതോടെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ALSO READ: 'നല്ല ഭക്ഷണം നാടിന്റെ അവകാശം'; 10 ദിവസത്തിൽ 2228 മഴക്കാല പ്രത്യേക പരിശോധനകള്‍
കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും അശ്വതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അശ്വതിയ്ക്കും ശ്രീജിത്തിനും ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. അശ്വതിയുടെ മൃതദേഹം മംഗലാപുകത്ത് നിന്ന് ഒടയംചാലിലെത്തിക്കും. സംസ്‌കാരം ഇവിടെ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചിരുന്നു. എടയൂര്‍കുന്ന് ഗവ. എല്‍പി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്ന രുദ്ര എന്ന കുട്ടിയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരുന്ന് നല്‍കി വിട്ടെങ്കിലും രാത്രിയോടെ പനി കൂടിയതോടെ കുട്ടിയെ വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
പനി കുറയാതെ വന്നതോടെ കുട്ടിയെ തിങ്കളാഴ്ച രാവിലെയോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. വിംസില്‍ എത്തിക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. ഓട്ടോ ഡ്രൈവര്‍ തൃശ്ശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും അഖിലയുടെയും ഏക മകളായിരുന്നു രുദ്ര.
അതേസമയം, പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്നും പനി നിസാരമായി കാണരുതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അടുത്തിടെ പറഞ്ഞിരുന്നു. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ലെന്നും എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...