ലക്നൗ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപണം തടയാന്‍ താനെടുത്ത തീരുമാനം കടുപ്പമേറിയ ചായ പോലെയാണ്. ചായക്കടക്കാരനായിരുന്ന കാലത്ത് താന്‍ ശീലിച്ചതു പോലെ. പാവപ്പെട്ടവര്‍ക്ക് കടുപ്പമേറിയ ചായയാണ് ഇഷ്ടം. പക്ഷേ കള്ളപണക്കാര്‍ക്ക് ഇത് രുചിയുണ്ടാകില്ലെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1000, 500 നോട്ട് പിൻവലിച്ചത് മൂലം സാധാരണക്കാർക്കുണ്ടായ ബുദ്ധിമുട്ട് തിരിച്ചറിയുന്നുണ്ടെന്നും എന്നാല്‍ കള്ളപ്പണത്തിനെതിരായ യുദ്ധത്തില്‍ ഇത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ വലിയൊരു തീരുമാനം കള്ളപ്പണക്കാരുടെഉറക്കം കെടുത്തിയിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പാവപ്പെട്ടവര്‍ക്ക് സമാധാനത്തോടെ ഉറങ്ങുകയാണ്. എന്നാല്‍, അന്ന് മുതല്‍ ഉറക്കഗുളിക വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് കള്ളപ്പണക്കാര്‍.
ബാങ്ക് ജീവനക്കാര്‍ ജനങ്ങളെ സഹായിക്കാനായി 18, 19 മണിക്കൂറുകളാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ശരിവച്ചശേഷം ഇപ്പോള്‍ പിന്നില്‍നിന്നും കുത്തുന്ന ശൈലിയാണു ചിലര്‍ സ്വീകരിക്കുന്നതെന്നും മോദി ആരോപിച്ചു.
നോട്ട് പിൻവലിച്ച നടപടിയെ വിമർശിച്ച കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു നരേന്ദ്രമോദി. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് രാജ്യത്തെ ഒരു ജയിലാക്കി മാറ്റുകയായിരുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അയല്‍ക്കാര്‍ വ്യാജ നോട്ടുകള്‍ വിപണിയില്‍ എത്തിച്ച് നമ്മുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് തടയിടേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും അതിനാല്‍ എല്ലാവരും സഹകരിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.