Chennai: തലൈവ രജനീകാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇതേതുടര്‍ന്ന് അദ്ദേഹം കുറച്ച് ദിവസംകൂടി ആശുപത്രിയിൽ തുടരും.
രജനീകാന്തിന്‍റെ ആരോഗ്യ വിവരം വെളിപ്പെടുത്തുന്ന പുതിയ മെഡിക്കൽ ബുള്ളറ്റിന്‍ കാവേരി ആശുപത്രി പുറത്തിറക്കിയിരുന്നു. തലചുറ്റലിനെ ത്തുടര്‍ന്നാണ് രജനീകാന്തിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രിയിലെത്തിയത്.
പതിവ് പരിശോധനയ്ക്കായാണ് രജനീകാന്ത് (Rajinikanth) ആശുപത്രിയിലെത്തിയതെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ സൂചന. കൂടാതെ, അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
2021 ഒക്ടോബർ 29 വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. രജനീകാന്തിന് 'Carotid Artery Revascularization' ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി ആശുപത്രി ബുള്ളറ്റിനില്‍ പറയുന്നു. മെഗാസ്റ്റാർ സുഖം പ്രാപിച്ചു വരികയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു.
അതേസമയം, നടൻ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുൻപിൽ സുരക്ഷയ്ക്കായി 30 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആശുപത്രിയിലേക്ക് ആരാധകർ തള്ളിക്കയറുന്നത് തടയാനാണ് നടപടി. കൂടാതെ, ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും സുരക്ഷാ പരിശോധനകൾക്കുശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്.
70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം, ഇന്‍ഡ്യന്‍ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പിന്നാലെയാണ് അദ്ദേഹം പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...