അമിത്ഷായുടെ ബിഹാർ സന്ദർശനവും പ്രതിപക്ഷത്തിന്റെ അങ്കലാപ്പും

ബിഹാറിൽ ആർജെഡിയ്ക്കുള്ളിലെ ചേരിപ്പോര് അതിന്റെ പാരമ്യത്തിലെത്തി. ആർജെഡി- ജെഡിയു സഖ്യത്തിനുള്ളിലെ അസംതൃപ്തരായവർ നിരവധിയുണ്ട്. ഈ പടലപിണക്കങ്ങൾ മുതലെടുക്കാനാണ് ബിജെപിയുടെ പരിശ്രമം. അവരെ വലവീശിപ്പിടിച്ച് മഹാസഖ്യത്തിന്റെ മുന്നേറ്റത്തിന് ഫുൾസ്റ്റോപ്പിടാനാണ് ബിജെപി ലക്ഷ്യം.  

Written by - ടി.പി പ്രശാന്ത് | Edited by - Karthika V | Last Updated : Oct 14, 2022, 04:29 PM IST
  • 1974ൽ ജെപി പ്രസ്ഥാനം എന്നറിയപ്പെടുന്ന ബിഹാർ പ്രസ്ഥാനത്തിൽ നിന്നാണ് നിതീഷും ലാലുവും രാഷ്ട്രീയത്തിലെത്തിയത്.
  • ഈ രണ്ട് നേതാക്കളും 1990-കൾ മുതൽ ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രമാണ്.
  • സീമാഞ്ചലിന് പിന്നാലെ അമിത് ഷാ ജെപിയുടെ ഗ്രാമം സന്ദർശിച്ചത് മഹാസഖ്യത്തിന് പുതിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
അമിത്ഷായുടെ ബിഹാർ സന്ദർശനവും പ്രതിപക്ഷത്തിന്റെ അങ്കലാപ്പും

ബിജെപി ബന്ധം വിച്ഛേദിച്ച് തേജസ്വിയുമായി ചേർന്ന് നിതീഷ്കുമാർ ഭരിക്കുന്ന ബിഹാറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനം ചർച്ചയായിരിക്കുകയാണ്. 20 ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഷായുടെ ബിഹാർ സന്ദർശനം. അമിത് ഷായുടെ ബിഹാർ പര്യടനത്തിന്റെ ഷെഡ്യൂൾ എന്താണ്? ബിജെപിയുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്? ഷായുടെ സന്ദർശനത്തെ പ്രതിപക്ഷം വീക്ഷിക്കുന്നതും വിലയിരുത്തുന്നതും എങ്ങനെ? എന്നിങ്ങനെയാണ് ചർച്ചകൾ.

1974ൽ ജെപി പ്രസ്ഥാനം എന്നറിയപ്പെടുന്ന ബിഹാർ പ്രസ്ഥാനത്തിൽ നിന്നാണ് നിതീഷും ലാലുവും രാഷ്ട്രീയത്തിലെത്തിയത്. ഈ രണ്ട് നേതാക്കളും 1990-കൾ മുതൽ ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രമാണ്. സീമാഞ്ചലിന് പിന്നാലെ അമിത് ഷാ ജെപിയുടെ ഗ്രാമം സന്ദർശിച്ചത് മഹാസഖ്യത്തിന് പുതിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ നീക്കത്തിലൂടെ ബിഹാറിലെ രണ്ട് സോഷ്യലിസ്റ്റ് നേതാക്കളായ ലാലു യാദവിനേയും നിതീഷ് കുമാറിനേയും വെല്ലുവിളിക്കാൻ ഷാ തയ്യാറെടുക്കുകയാണെന്ന് വിശകലന വിദഗ്ധർ കരുതുന്നു. നേരത്തെ സെപ്തംബർ 23-24 തീയതികളിൽ സീമാഞ്ചലിലെ പൂർണിയ, കിഷൻഗഞ്ച് ജില്ലകൾ കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദർശിച്ചിരുന്നു. 

Also Read: Karnataka Hijab Ban: ഹിജാബ് കേസിൽ സുപ്രീംകോടതിയിൽ ഭിന്ന വിധി; ഹർജികൾ വിശാല ബെഞ്ചിന് വിട്ടു

 

സോഷ്യലിസ്റ്റ് നേതാവ് ലോകനായക് ജയപ്രകാശ് നാരായണന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് രണ്ടാം സന്ദർശനം. ജെപിയുടെ ഗ്രാമമായ സിതാബ് ഡയറയിൽ 4.72 കോടി രൂപ ചെലവിൽ കേന്ദ്രസർക്കാർ നിർമ്മിച്ച പ്രതിമ ഷാ അനാച്ഛാദനം ചെയ്യുമ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാഗാലാൻഡിലെ ദിമാപൂരിൽ ജെപിയുടെ ജന്മവാർഷികത്തിൽ പങ്കെടുക്കുകയായിരുന്നു. സിതാബ് ഡയറയിലെ പ്രസംഗത്തിലുടനീളം നീതിഷ്കുമാറിനെ കടുത്ത ഭാഷയിലാണ് ഷാ വിമർശിച്ചത്. ഒപ്പം സാമൂഹ്യ സൗഹാർദ്ദത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായ ലോകനായക് ജയപ്രകാശ് നാരായണനെ വാനോളം ഉയർത്തി സംസാരിക്കുകയും ചെയ്തു. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള അടിയന്തരാവസ്ഥയ്‌ക്കെതിരെ നിരവധി പീഡനങ്ങൾ അനുഭവിച്ചിട്ടും ജെപി പൊരുതി നിന്ന് പിന്തുണ നൽകി. ഈ പോരാട്ടവീര്യം ഏവർക്കും പ്രചോദനമാണെന്നായിരുന്നു അമിത്ഷായുടെ വാക്കുകൾ. 

അമിത് ഷായുടെ മുഷ്ടിയിൽ നിന്നും ജെഡിയു ഇറങ്ങിപ്പോയി മഹാസഖ്യത്തിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചത് ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. പ്രശ്ന പരിഹാരം നടത്തി ഭരണം പിടിക്കുന്നതിനുള്ള നീക്കങ്ങൾ അമിത് ഷായുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമാണ്.

എൻഡിഎയിൽ നിന്ന് ജെഡിയു പിരിഞ്ഞതിന് ശേഷം സെപ്തംബർ 23, 24 തിയതികളിലായിരുന്നു അമിത് ഷായുടെ സീമാഞ്ചൽ സന്ദർശനം. മുസ്ലീം ജനസംഖ്യ കൂടുതലുള്ള ബിഹാറിലെ പ്രദേശമാണ് സീമാഞ്ചൽ. നേപ്പാൾ-പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവയോട് ചേർന്നുള്ള ഈ പ്രദേശത്തെ മുസ്ലീം ജനസംഖ്യ 46 ശതമാനമാണ്. ഈ മേഖലയിൽ ബിജെപിക്ക് തിരിച്ചടിയുണ്ടെന്ന് വിദഗ്ധർ പറയുന്നു. നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്ത ശേഷം  ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഈ പര്യടനത്തിലൂടെ ബിജെപിയെ ശക്തിപ്പെടുത്താനാണ് അമിത് ഷായുടെ പരിശ്രമം. മുസ്ലീം ആധിപത്യമുള്ള സീമാഞ്ചൽ- കിഷൻഗഞ്ച് ജില്ലകൾ ജെഡിയുവും ആർജെഡിയും കൈവശം വച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ചതോടെ മഹാസഖ്യത്തിന് ഈ മേഖലയിൽ വൻ നേട്ടമുണ്ടാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 

അതിനിടെ ബിഹാറിലെ രാഷ്ട്രീയ ഇടനാഴിയിൽ ആർജെഡിയിലെ ചേരിപ്പോര് അതിന്റെ പാരമ്യത്തിലെത്തി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിംഗ് രാജി സന്നദ്ധത അറിയിച്ചു. മകൻ സുധാകർ സിംഗ് മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് ജഗദാനന്ദ് സിംഗ് പാർട്ടിയോടും സർക്കാരിനോടും അമർഷത്തിലായിരുന്നു. ഈ പടലപിണക്കങ്ങൾ മുതലെടുക്കാൻ ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. ആർജെഡി- ജെഡിയു സഖ്യത്തിനുള്ളിലെ അസംതൃപ്തരായവരെ വലവീശിപ്പിടിച്ച് മഹാസഖ്യത്തിന്റെ മുന്നേറ്റത്തിന് ഫുൾസ്റ്റോപ്പിടാനാണ് ബിജെപി ലക്ഷ്യം. ഷായുടെ സന്ദർശനം പ്രതിപക്ഷ നിരയിൽ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News