2008 ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ വിഎച്ച്പി നേതാവ് സ്വാത്വി പ്രഖ്യാസിങ് താക്കൂറിന്‍റെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ കോടതി തള്ളി. കേസിൽ പ്രഖ്യാസിങ് താക്കൂർ അടക്കം അഞ്ചുപേർക്ക് പങ്കില്ലെന്ന് കാണിച്ച് കഴിഞ്ഞമാസം എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ കോടതി എന്‍ഐഎയെ രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണത്തിന്‍റെ പേരില്‍ തട്ടിപ്പാണ് നടക്കുന്നതെന്നും മുംബൈ എടിഎസ് സമര്‍പ്പിച്ച കുറ്റപ്പത്രവുമായി മുന്നോട്ട് പോകുമെന്നും കോടതി പറഞ്ഞു.
മെയ് 16 നാണ് പ്രഖ്യാസിങ്ങിനെ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി ഒഴിവാക്കാന്‍ തീരുമാനിക്കുന്നത്. ഇതിനെ തുടര്‍ന്ന് മെയ് 30ന് കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ പ്രശാന്ത് മാഗു മുഖേന പ്രഗ്യാസിങ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്വാത്വിയുടെ വീട്ടുകാര്‍ പറഞ്ഞു.
2008 സെപ്തംബര്‍ 29 നാണ് മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ മലേഗാവില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും 75 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എ.ടി.എസസിന്‍റെ അന്വേഷണത്തിൽ തീവ്ര ഹിന്ദുത്വ സംഘടനകളാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തി.