New Delhi: ഈ വര്‍ഷത്തെ ആദ്യ ആകാശ വിസ്മയത്തിനായി കാത്തിരിയ്ക്കുകയാണ് ശാസ്ത്രലോകം.
2021 ല്‍ നടക്കുന്ന ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം അതിമനോഹരമായ സൂപ്പര്‍ മൂണും ബ്ലഡ് മൂണും കാണാന്‍ സാധിക്കുന്ന ആവേശത്തിലാണ് വാന നിരീക്ഷകര്‍. ആറു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൂപ്പര്‍മൂണും പൂര്‍ണ ചന്ദ്ര ഗ്രഹണവും ഒരുമിച്ച് വരുന്നത്.
സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുകയും സൂര്യപ്രകാശം ചന്ദ്രനില്‍ വീഴാതിരിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴല്‍ ചന്ദ്രനെ എത്രമാത്രം മൂടിയിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഭാഗികവും പൂര്‍ണവുമായ രണ്ട് തരം ഗ്രഹണങ്ങള്‍ നടക്കാറുണ്ട്. പൂര്‍ണമായും ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ ആകുന്നതാണ് പൂര്‍ണ ചന്ദ്രഗ്രഹണം.
ഇന്ത്യയില്‍ വൈകീട്ട് 3.15നും 6.23നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുക. ഇന്ത്യയില്‍ എല്ലാ ഭാഗത്തും ഗ്രഹണം ദൃശ്യമാവില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും ഗ്രഹണത്തിന്റെ അവസാന ഘട്ടം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ അഗര്‍ത്തല, ഐസോള്‍, കൊല്‍ക്കത്ത, ചിറാപുഞ്ചി, കൂച്ച് ബിഹാര്‍, ഡയമണ്ട് ഹാര്‍ബര്‍, ദിഗ, ഗുവാഹത്തി, ഇംഫാല്‍, ഇറ്റാനഗര്‍, കൊഹിമ, ലുംഡിങ്, മാള്‍ഡ, നോര്‍ത്ത് ലാഖിംപൂര്‍, പാരാദീപ്, പാശിഘട്ട്, പോര്‍ട്ട് ബ്ലെയര്‍, പുരി, ഷില്ലോങ്, സിബ്‌സാഗര്‍, സില്‍ച്ചാര്‍ എന്നീ നഗരങ്ങളിലാണ് ചന്ദ്രഗ്രഹണം കാണാനാകുക. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ല്‍ യാസ് ചുഴലിക്കാറ്റ് ഉള്ളതിനാല്‍ ചാന്ദ്രഗ്രഹണം പൂര്‍ണമായി കാണാന്‍ സാധിക്കില്ല.
പസഫിക് സമുദ്രം, ആസ്‌ട്രേലിയ, അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം, ഏഷ്യയുടെ കിഴക്കന്‍ തീരം എന്നിവിടങ്ങളിലാണ് ഗ്രഹണം വ്യക്തമായി കാണാന്‍ സാധ്യത.
എന്താണ് സൂപ്പര്‍ മൂണ്‍ (Super Moon)?
ഭൂമിക്ക് സമാനമായി നിശ്ചിത രേഖയിലൂടെ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രന്റെ സഞ്ചാര പാത ഭൂമിയ്ക്ക് ഏറ്റവും അടുത്തെത്തുന്ന അവസരത്തില്‍ പൂര്‍ണ്ണ ചന്ദ്രന്‍ ദൃശ്യമാകുന്നതാണ് സൂപ്പര്‍ മൂണ്‍. സാധാരണയില്‍ കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലുമാണ് സൂപ്പര്‍ മൂണ്‍ സമയത്ത് ചന്ദ്രന്‍ കാണപ്പെടുക. ഈ അവസരത്തില്‍ പൂര്‍ണ്ണ ചന്ദ്രനെ ഏറ്റവും മനോഹരമായും വ്യക്തമായും കാണുവാന്‍ സാധിക്കും.
എന്താണ് ബ്ലഡ് മൂണ്‍ (Blood Moon)?
സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഗ്രഹണ സമയത്ത് ചന്ദ്രനിലേക്ക് വളരെ നേർത്ത രീതിയിൽ പ്രകാശം പതിക്കുകയും അത് ചുവന്ന നിറമുള്ളതായി തോന്നിക്കുകയും ചെയ്യും. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്‍ ഓറഞ്ച് കലര്‍ന്ന ചുവന്ന നിറത്തില്‍ മനോഹരമായി തിളങ്ങി നില്‍ക്കുന്ന കാഴ്ചയാണ് ഈ സമയത്തു കാണാന്‍ കഴിയുക. ഇതിനെയാണ് ബ്ലഡ് മൂണ്‍ എന്ന് വിളിക്കുന്നത്.
ഈ വര്‍ഷത്തെ ഏക പൂര്‍ണ ചന്ദ്ര ഗ്രഹണമാണ് ഇത്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പൂര്‍ണ ചന്ദ്ര ഗ്രഹണം ഉണ്ടാവുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA