റാഞ്ചി: 5 ഘട്ടങ്ങളായി നടന്ന ഝാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച അവസാനിച്ചു. ഇനി ഫല പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ്. 23നാണ് വോട്ടെണ്ണല്‍ നടക്കുക.
അതേസമയം, മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട പോളിംഗ് ആണ് എല്ലാ ഘങ്ങളിലും നടന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്തമായി ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഉത്സാഹത്തോടെ മുന്നോട്ടു മുന്നോട്ടു വരുന്ന കാഴ്ചയാണ് ഇത്തവണ കാണുവാന്‍ കഴിഞ്ഞത്. ഈ വസ്തുത എല്ലാ മുന്നണികള്‍ക്കും ഒരേപോലെ വിജയ പ്രതീക്ഷ നല്‍കുന്നുണ്ട്.
5 ഘട്ടങ്ങളായി ആകെയുള്ള 81 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്നു. ഒന്നാം ഘട്ടത്തില്‍ നടന്ന മാവോയിസ്റ്റ് അക്രമമൊഴികെ ബാക്കി ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമാധാന പൂര്‍ണ്ണമായിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് മുന്നണികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം തിരിച്ചു പിടിക്കാന്‍ ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി സഖ്യവും കിണഞ്ഞു പരിശ്രമിച്ചിരുന്നു.
എന്നാല്‍, തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം പുറത്തു വന്ന exit poll ഫലങ്ങള്‍ ബിജെപിയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നില്ല.
ABP Exit Poll തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. സംസ്ഥാനത്താകമാനമായി 38,000 വോട്ടര്‍മാരുടെയിടെയില്‍ നടത്തിയ സര്‍വേയാണ് ഈ പ്രവചനത്തിന് ആധാരം.
Exit Poll അനുസരിച്ച് BJPയ്ക്ക് 28-36 സീറ്റുകള്‍ നേടും. 2014ലെ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ BJP നേടിയിരുന്നു. ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി സഖ്യ൦ 31 മുതൽ 39 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ രാഷ്ട്രീയ അന്തരീക്ഷം. ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി സഖ്യവുമാണ് പ്രധാന എതിരാളികള്‍. എന്‍.ഡി.എയില്‍ നിന്നും ചില സഖ്യകക്ഷികള്‍ വിട്ടു പോയതിനെത്തുടര്‍ന്ന്‍ സഖ്യമില്ലാതെയാണ് ഇത്തവണ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി വിട്ട എ.ജെ.എസ്‌യുവും ലോക് ജനശക്തി പാര്‍ട്ടിയും ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.
2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 35 സീറ്റ് ബിജെപി നേടിയിരുന്നു. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനു (എ.ജെ.എസ്.യു)മായി സഖ്യമുണ്ടാക്കിയാണ് ബിജെപി ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയത്.
അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രാ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ജാര്‍ഖണ്ഡില്‍ മികച്ച വിജയം നേടാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കും വിധമാണ് exit poll ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.